പ്രായത്തോട് പടപൊരുതാനുറപ്പിച്ച് റൊണാൾഡോ, ലക്‌ഷ്യം 2026 ലോകകപ്പ്

മുപ്പത്തിയൊമ്പതാം വയസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് പോരാട്ടത്തിനായി നാളെ ഇറങ്ങാനിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനായി നാളെ ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് ആത്മവിശ്വാസം നൽകുന്നു. രണ്ടു തകർപ്പൻ ഗോളുകളാണ് റൊണാൾഡോ അയർലണ്ടിനെതിരെ സ്വന്തമാക്കിയത്.

പ്രായം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തന്റെ പ്രകടനം കൊണ്ട് റൊണാൾഡോ തെളിയിക്കുന്നു. തനിക്ക് പിന്തുണ നൽകാൻ കഴിയുന്ന മികച്ചൊരു ടീം പുറകിലുണ്ടെങ്കിൽ അസാധ്യമായ ഒന്നുമില്ലെന്ന് യൂറോ കപ്പിൽ തെളിയിക്കാൻ തന്നെയാണ് റൊണാൾഡോ ഒരുങ്ങുന്നത്. പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ സജീവമായ പിന്തുണയും താരത്തിനുണ്ട്.

മികച്ച ഫോമിലുള്ള റൊണാൾഡോക്ക് കീഴിൽ പോർച്ചുഗൽ യൂറോ കിരീടം സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. താരം കളിക്കുന്നത് അവസാനത്തെ യൂറോ കപ്പിലുമായിരിക്കാം. എന്നാൽ ഈ യൂറോ കപ്പോടെ തന്റെ ലക്ഷ്യങ്ങൾ അവസാനിപ്പിക്കാൻ റൊണാൾഡോ ഒരുക്കമല്ല. പോർച്ചുഗീസ് മാധ്യമമായ റെലെവോയാണ് റൊണാൾഡോയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നത്.

പോർച്ചുഗീസ് ഡ്രസിങ് റൂമിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം റൊണാൾഡോ 2026 ലോകകപ്പിൽ കളിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ലോകകപ്പ് കൈപ്പിടിയിലൊതുക്കാനുള്ള അവസാനത്തെ അവസരം ഉപയോഗിക്കാൻ തന്നെയാണ് താരം ഒരുങ്ങുന്നത്. അതുവരെ തന്റെ ഫിറ്റ്നസ് നിലനിർത്തുകയെന്നതാണ് റൊണാൾഡോയുടെ പ്രധാന ലക്‌ഷ്യം.

റൊണാൾഡോയെ സംബന്ധിച്ച് വലിയൊരു മാതൃക പോർച്ചുഗൽ ദേശീയടീമിൽ തന്നെയുണ്ട്. ഈ യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായ പെപ്പെയാണത്. നാൽപത്തിയൊന്നാം വയസിൽ പെപ്പെക്ക് യൂറോ കപ്പ് കളിക്കാമെങ്കിൽ അതെ പ്രായത്തിൽ തനിക്ക് ലോകകപ്പ് കളിക്കാനും കഴിയുമെന്ന് റൊണാൾഡോ ചിന്തിക്കുന്നുണ്ടാകും. അവിടേക്കെത്താനും താരത്തിന് കഴിയും.