ഗോൾകീപ്പർക്ക് കാണാൻ പോലും കഴിയാതെ റൊണാൾഡോയുടെ മിന്നൽ ഫ്രീകിക്ക്, പോർചുഗലിനായി വീണ്ടും ഗോൾവേട്ട

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ കഴിഞ്ഞ ദിവസം പോർചുഗലിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിന് ശേഷം പോർച്ചുഗൽ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലീച്ചേൻസ്റ്റീനെ തോൽപ്പിച്ചപ്പോൾ അതിൽ രണ്ടു ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. അതിലൊന്ന് മനോഹരമായ ഫ്രീ കിക്കിലൂടെയാണ് താരം നേടിയത്.

മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ജോവോ കാൻസലോ നേടിയ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തിയിരുന്നു. ആ ഗോളിന്റെ ആത്മവിശ്വാസത്തിൽ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബയേൺ മ്യൂണിക്ക് താരം നടത്തിയത്. ആദ്യപകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെർണാഡോ സിൽവ ടീമിന്റെ ലീഡുയർത്തി. അതിനു ശേഷമാണ് റൊണാൾഡോയുടെ രണ്ടു ഗോളുകളും വന്നത്.

അൻപത്തിയൊന്നാം മിനുട്ടിലാണ് റൊണാൾഡോയുടെ ആദ്യത്തെ ഗോൾ വന്നത്. പോർച്ചുഗലിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് താരം വല കുലുക്കിയത്. അതിനു പിന്നാലെ അറുപത്തിമൂന്നാം മിനുട്ടിൽ റൊണാൾഡോ ഫ്രീ കിക്ക് ഗോൾ നേടി. ബോക്‌സിന് പുറത്തു നിന്നും താരം എടുത്ത ഫ്രീ കിക്ക് ഗോൾകീപ്പർക്ക് തടുക്കാൻ കഴിയുന്നത്ര അരികിലൂടെ ആയിരുന്നെങ്കിലും അതിന്റെ വേഗതയും കരുത്തും കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ലെന്നതാണ് സത്യം.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഫ്രീ കിക്ക് ഗോൾ നേടുന്നത്. ഫ്രീ കിക്കിൽ താരം സമീപകാലത്തായി മോശമാണെന്ന വാദങ്ങൾ ഇതോടെ ഇല്ലാതായി തുടങ്ങിയിട്ടുണ്ട്. മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയത് പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിനും അഭിമാനം കൊള്ളാവുന്ന ഒന്നാണ്. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനായി ടീമിനെ തയ്യാറെടുപ്പിച്ചു തുടങ്ങുന്ന അദ്ദേഹത്തിന് കൂടുതൽ കരുത്തു പകരുന്നതാണ് ഈ വിജയം.