ബ്രസീലിനെ കളിയാക്കിയപ്പോൾ അനങ്ങിയില്ല, ഫ്രാൻസിനെ കളിയാക്കിയപ്പോൾ ഡാൻസ്; ലയണൽ മെസിയുടെ ചെയ്‌തികൾ വൈറൽ

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആരാധകർക്ക് മുന്നിൽ വീണ്ടും അതിന്റെ ആഘോഷം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരമായതു കൊണ്ടാണ് ഇന്ന് ലയണൽ മെസിയും സംഘവും വീണ്ടും ആഘോഷിച്ചത്. മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് കിരീടം അർജന്റീനയുടെ മണ്ണിലെത്തിച്ച ടീമിന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയതും.

ആഘോഷങ്ങൾക്കിടയിൽ അർജന്റീന താരങ്ങൾ ലോകകപ്പ് ഫൈനലിൽ അവർ കീഴടക്കിയ ഫ്രാൻസിനെയും ലാറ്റിനമേരിക്കയിൽ അവരുടെ പ്രധാന എതിരാളികളായ ബ്രസീലിനെയും കളിയാക്കിയിരുന്നു. റിവർപ്ലേറ്റിന്റെ മൈതാനത്ത് തടിച്ചു കൂടിയ എൺപത്തിനായിരത്തിലധികം ആരാധകരും അർജന്റീന താരങ്ങൾക്കൊപ്പം ഈ കളിയാക്കലിനൊപ്പം ചേർന്നിരുന്നു. എന്നാൽ അതിനിടയിൽ ലയണൽ മെസി ചെയ്‌ത കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

“മരിച്ചു പോയ ബ്രസീലിനായും ഫ്രാൻസിനായും ഒരു നിമിഷം മൗനം ആചരിക്കാം” എന്നു പറഞ്ഞാണ് അർജന്റീന താരങ്ങൾ ഈ ടീമുകളെ കളിയാക്കിയത്. സഹതാരങ്ങൾക്കൊപ്പം നിന്നിരുന്ന ലയണൽ മെസി ഇതിൽ പങ്കു കൊണ്ടെങ്കിലും കളിയാക്കലിനിടയിൽ ബ്രസീലിന്റെ പേര് പറഞ്ഞപ്പോൾ അനങ്ങാതെ നിൽക്കുകയാണ് ചെയ്‌തത്‌. അതേസമയവും ഫ്രാൻസിന്റെ പേര് പറഞ്ഞപ്പോൾ മെസി എല്ലാവർക്കുമൊപ്പം നൃത്തം ആരംഭിക്കുകയും ചെയ്‌തു.

തന്റെ അടുത്ത സുഹൃത്തുക്കൾ നിരവധിയുണ്ടെന്നതിനാൽ തന്നെ ബ്രസീൽ ടീമിനോട് മെസിക്കൊരു ഇഷ്ടമുണ്ട്. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം റോഡ്രിഗോ ഡി പോൾ ബ്രസീലിനെ കളിയാക്കി പാട്ടു പാടാൻ തുടങ്ങിയപ്പോൾ ലയണൽ മെസി അതിനെ വിലക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതൊക്കെ കാരണം ബ്രസീലിൽ മെസിക്കും ഒരുപാട് ആരാധകരുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക അർജന്റീന വിജയിക്കണമെന്ന് ബ്രസീലിലുള്ളവർ വരെ ആഗ്രഹിച്ചിരുന്നു.