സഹലിന്റെ കാര്യത്തിൽ പുതിയ ട്വിസ്റ്റ്, നിർണായകമായ വിവരം പുറത്ത് | Kerala Blasters

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് നിരാശ സമ്മാനിച്ച ഒന്നായിരുന്നു. ഒരുപാട് നാളുകളായി കാത്തിരിക്കുന്ന കിരീടനേട്ടം ഇത്തവണയും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കിരീടം നേടാത്തതായി ഇപ്പോൾ അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണെന്നത് അതിരുകളില്ലാതെ ടീമിനെ സ്നേഹിക്കുന്ന ആരാധകർക്ക് വലിയ നിരാശ നൽകുന്നു.

കിരീടവരൾച്ച അവസാനിപ്പിക്കുന്നതിനു വേണ്ടി അടുത്ത സീസണിലേക്ക് ടീമിനെ അഴിച്ചു പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഒരുപാട് താരങ്ങൾ ക്ലബിൽ നിന്നും പുറത്തു പോകുമെന്ന റിപ്പോർട്ടുകളുണ്ട്. ചില താരങ്ങൾ ഇപ്പോൾ തന്നെ ക്ലബ് വിട്ടുവെന്നും അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും ടീമിന്റെ നായകനായ ജെസ്സൽ ബംഗളൂരുവിലേക്ക് ചേക്കേറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്ന ഒരു പേര് സഹൽ അബ്ദുൽ സമ്മദിന്റേതായിരുന്നു. ഈ സീസണിനു ശേഷം താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്നാണ് ചില മാധ്യമപ്രവർത്തകൾ സൂചിപ്പിച്ചത്. സഹൽ ക്ലബ് വിടാനുള്ള സാധ്യതയില്ലെങ്കിലും സഹൽ അബ്ദുൽ സമദ് അടക്കം ഏതു താരത്തെയും മികച്ച വില ലഭിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന് മാർക്കസ് മെർഗുലാവോ റിപ്പോർട്ടു ചെയ്‌തത്‌ അഭ്യൂഹങ്ങൾ ആളിക്കത്താൻ കാരണമായി.

അതേസമയം മാക്സിമസ് ഏജന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് പ്രകാരം സഹൽ അബ്ദുൽ സമദ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരുമെന്നാണ്. ടീമിലും മാനേജ്‌മെന്റിലും താരം വളരെയധികം തൃപ്‌തിയോടെ തുടരുകയാണെന്നും സഹലിനായി ഒരു ക്ലബുകളും ശ്രമം നടത്തുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. താരം ക്ലബ് വിടുമെന്ന ആശങ്കയിൽ നിന്നിരുന്ന ആരാധകർക്ക് ആശ്വാസമാണ് ഈ വാർത്ത.

മികച്ച കഴിവുള്ള താരമാണ് സഹലെങ്കിലും സ്ഥിരതയില്ലായ്‌മ ഒരു പോരായ്മയാണ്. എന്നാൽ കരിയർ ഇനിയും ഒരുപാട് കാലം ബാക്കിയുള്ളതിനാൽ താരത്തിന് തന്നെ മെച്ചപ്പെടുത്താനും ഏറ്റവും മികച്ച പ്രകടനം നടത്താനും കഴിയും. അടുത്ത സീസണിൽ പുതിയൊരു ടീമിനൊപ്പം അതിനു കഴിയുമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ കിരീടാവരൾച്ച അവസാനിപ്പിക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Sahal Abdul Samad To Stay With Kerala Blasters