സൗദി ക്ലബുകൾ ചാമ്പ്യൻസ് ലീഗിലേക്ക്, യുവേഫയുമായി ചർച്ചകൾ നടത്തി സൗദി എഫ്എ | Champions League
സൗദി അറേബ്യൻ ക്ലബുകൾ ഫുട്ബോൾ ലോകത്ത് നടത്തുന്ന വിപ്ലവത്തിൽ ഞെട്ടിയിരിക്കുകയാണ് യൂറോപ്യൻ ലീഗുകൾ. അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര തുക നൽകിയാണ് സൗദി പ്രൊ ലീഗ് ക്ലബുകൾ വമ്പൻ താരങ്ങളെ ഒന്നൊന്നായി ടീമിലെത്തിക്കുന്നത്. സൗദി ഗവണ്മെന്റിന്റെ കീഴിലുള്ള സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഈ ക്ലബുകളെ ഏറ്റെടുത്ത് പണം ചിലവഴിച്ചു കൊണ്ടിരിക്കുകയാണ്. റൊണാൾഡോ, ബെൻസിമ, നെയ്മർ, കാന്റെ, മാനെ, ഫിർമിനോ തുടങ്ങിയവരെല്ലാം ക്ളബിലെത്തിയ ചില താരങ്ങൾ മാത്രമാണ്.
ഖത്തർ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്നു പറഞ്ഞത് വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ ഒന്നായി സൗദി പ്രൊ ലീഗ് മാറുമെന്നാണ്. അന്നതിനെ പലരും കളിയാക്കിയെങ്കിലും ഇപ്പോൾ അത് സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പദ്ധതികൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്ന സൗദി ക്ലബുകൾ അതിലെ ഏറ്റവും നിർണായകമായ അടുത്ത നീക്കത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
🚨 The Saudi's reportedly plan to reward the winner of the Saudi Pro League with qualification to the UEFA Champions League. 🇪🇺
The idea would be to formulate a request to UEFA for a "wild card" to the Champions League, which will be played by 36 teams from 2024/25. 🎟
The… pic.twitter.com/M4xJmZDIRz
— Transfer News Live (@DeadlineDayLive) August 17, 2023
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബുകളെ യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിച്ചാൽ സൗദി അറേബ്യൻ ക്ലബുകൾക്ക് അപ്രമാദിത്വം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ഒരു ടീമിനെയെങ്കിലും ഉൾപ്പെടുത്താനുള്ള ചർച്ചകളാണ് നടത്തുന്നത്.
കൂടുതൽ ടീമുകൾക്ക് അവസരം നൽകി ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ വിപുലീകരിക്കാനുള്ള നീക്കങ്ങൾ യുവേഫക്കുണ്ട്. അത് ലക്ഷ്യം വെച്ച് തന്നെയാണ് സൗദി അറേബ്യ ഈ നീക്കങ്ങൾ നടത്തുന്നത്. യുവേഫയും സൗദി അറേബ്യയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയാൽ സൗദി ലീഗിന് വീണ്ടും വലിയ വളർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ യൂറോപ്പിലെ മറ്റു ലീഗുകൾ ഇതിനു പ്രതികൂലമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
Saudi FA Wants Their Clubs To Participate In UEFA Champions League