അമേരിക്കയിൽ കളിച്ച് യൂറോപ്പിലെ അവാർഡ് സ്വന്തമാക്കാൻ ലയണൽ മെസി, മത്സരിക്കുന്നത് ഹാലാൻഡിനോടും ഡി ബ്രൂയ്‌നോടും | Messi

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ വിജയം നേടിയതിനു ശേഷം ഫുട്ബോൾ ലോകത്തെ വ്യക്തിഗത പുരസ്‌കാരങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുകയാണ് ലയണൽ മെസി. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലയണൽ മെസി അതിനു ശേഷം കായികലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിസ് പുരസ്‌കാരവും സ്വന്തമാക്കാൻ അർജന്റീന നായകനായി. ഈ വർഷം ബാലൺ ഡി ഓർ നേട്ടവും താരത്തെ തേടിയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് യുവേഫയുടെ മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരത്തിന്റെ അന്തിമപട്ടിക പുറത്തു വിട്ടപ്പോൾ ലയണൽ മെസിയും അതിലൊരാളായിട്ടുണ്ട്. യൂറോപ്പിലും ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് അവാർഡിനായി പരിഗണിക്കുക. പിഎസ്‌ജിയിലും അർജന്റീന ടീമിലും നടത്തിയ പ്രകടനം ലയണൽ മെസിക്കു തുണയായപ്പോൾ ട്രെബിൾ കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലാൻഡ്‌, ഡി ബ്രൂയ്ൻ എന്നീ താരങ്ങളാണ് പട്ടികയിലുള്ള മറ്റുള്ളവർ.

ലയണൽ മെസി പുരസ്‌കാരം നേടുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും നേടാനായാൽ അതൊരു ചരിത്രമായി മാറും. നിലവിൽ യൂറോപ്പ് വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ കളിച്ച് യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫയുടെ പുരസ്‌കാരം നേടുന്ന ആദ്യത്തെ കളിക്കാരനായി മാറാൻ ഇതിലൂടെ മെസിക്ക് കഴിയും. ഓഗസ്റ്റ് മുപ്പത്തിയൊന്നിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

യുവേഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയും പുറത്തു വന്നിട്ടുണ്ട്. ട്രെബിൾ കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റായ ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി, നാപ്പോളിക്ക് സീരി എ കിരീടം നേടിക്കൊടുത്ത ലൂസിയാനോ സ്‌പല്ലറ്റി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങൾ. ഈ പുരസ്‌കാരം പെപ് ഗ്വാർഡിയോള നേടുമെന്നുറപ്പാണ്.

Messi Nominated For UEFA Best Player