എംഎൽഎസിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം, മെസിയെ പിന്തുടരുമെന്ന് ഗ്രീസ്‌മൻ | Messi

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസിയുടെ ട്രാൻസ്‌ഫറിനെക്കുറിച്ച് പ്രതികരിച്ച് മുൻ സഹതാരമായ അന്റോയിൻ ഗ്രീസ്‌മൻ. മെസിയും ഫ്രഞ്ച് താരവും മുൻപ് ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ്. അതിനു പുറമെ അമേരിക്കൻ ലീഗിലേക്ക് ഭാവിയിൽ ചേക്കേറാനുള്ള ആഗ്രഹം പലപ്പോഴും ഗ്രീസ്‌മൻ വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ദിവസവും അമേരിക്കൻ ലീഗിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് ഗ്രീസ്‌മൻ സംസാരിക്കുകയുണ്ടായി.

“ഞാൻ പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. എന്റെ ആഗ്രഹം കരിയർ അവിടെ അവസാനിപ്പിക്കുക എന്നതാണ്. അമേരിക്കൻ സ്പോർട്ട്സുമായി ബന്ധപ്പെട്ട എല്ലാം എനിക്കിഷ്‌ടമാണ്. എംഎൽഎസിൽ കളിക്കുന്നതും ഞാൻ സ്വയം ആസ്വദിക്കുന്നതും എന്റെ ഏറ്റവും ഉയർന്ന തലത്തിൽ കളിച്ച് നേട്ടങ്ങൾ സ്വന്തമാക്കുന്നതുമെല്ലാം ഞാൻ ആലോചിക്കാറുണ്ട്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗ്രീസ്‌മൻ പറഞ്ഞു.

“ആദ്യം അത്ലറ്റികോ മാഡ്രിഡിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കി ചരിത്രമെഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനു ശേഷം എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം. ലയണൽ മെസി, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരുടെ വരവ് അമേരിക്കൻ ലീഗിന് നല്ലതാണെന്ന കാര്യത്തിൽ സംശയമില്ല. അതും സൗത്ത് അമേരിക്കയിൽ നിന്നും യുവതാരങ്ങളെ സ്വന്തമാക്കുന്നതും ലീഗിന് ചെയ്യാൻ കഴിയുന്ന മികച്ച കാര്യമാണ്.” ഗ്രീസ്‌മൻ പറഞ്ഞു.

നിലവിൽ 2026 വരെ അത്ലറ്റികോ മാഡ്രിഡുമായി കരാറുള്ള താരമാണ് അന്റോയിൻ ഗ്രീസ്‌മൻ. കഴിഞ്ഞ സീസണിലടക്കം ബാഴ്‌സലോണയിൽ നിന്നും ലോണിൽ അത്ലറ്റികോ മാഡ്രിഡിൽ കളിച്ച താരം ഈ സമ്മറിലാണ് അത് സ്ഥിരം കരാറാക്കി മാറ്റിയത്. ടീമിനായി മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നു. അതുകൊണ്ടു തന്നെ എംഎൽഎസിലേക്ക് ഇപ്പോഴൊന്നും ഗ്രീസ്‌മൻ ചേക്കേറില്ലെന്ന കാര്യം ഉറപ്പാണ്.

Griezmann On Messi MLS Move