വിജയിക്കുന്ന ടീമുകൾക്കെതിരെ ആരോപണങ്ങൾ സ്വാഭാവികമാണ്, അർജന്റീനക്കു റഫറിമാരുടെ സഹായം ലഭിക്കുന്നില്ലെന്ന് സ്കലോണി
കോപ്പ അമേരിക്കയിൽ റഫറിമാർ അർജന്റീനക്ക് പിന്തുണ നൽകുന്നുണ്ടെന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കലോണി. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അർജന്റീന റഫറിമാരുടെ സഹായത്താലാണ് വിജയിക്കുന്നതെന്ന ആരോപണങ്ങളിൽ സ്കലോണി മറുപടി പറഞ്ഞത്.
“സോഷ്യൽ മീഡിയയിൽ ആർക്കും എന്തു വേണമെങ്കിലും എഴുതാം. ഇതേ കാര്യം അവർ ഖത്തർ ലോകകപ്പിലും പറഞ്ഞിട്ടുള്ളതിനാൽ ഞാൻ ശ്രദ്ധാലുവാണ്. നമ്മൾ വിജയിച്ചു കൊണ്ടിരിക്കുമ്പോൾ, അവർക്കൊപ്പമാണ് ഒഫിഷ്യൽസെന്ന് എല്ലാവരും പറയും. കാരണം അവർക്ക് പരാതിപ്പെടാൻ മറ്റൊരു കാരണവുമില്ല. അർജന്റീന പരിശീലകനെന്ന നിലയിൽ ഞാനതൊന്നും വിശ്വസിക്കുന്നില്ല, ഞങ്ങളുടെ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ.”
🚨 Lionel Scaloni on refereeing decisions in the Copa America:
"Today, anyone can write whatever they want on social media. I would be cautious because they said the same in Qatar. When you win, people tend to say they favor the winning side, because they have no other choice… pic.twitter.com/9KBqfih14j
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 3, 2024
“ഒരു റഫറീക്ക് തെറ്റുകൾ പറ്റുന്നത് സ്വാഭാവികമായ കാര്യമാണ്, അവരും മനുഷ്യരാണ് എന്നതിനാൽ ഇതൊക്കെ സംഭവിക്കാം. വീഡിയോ റഫറിയിങ് വെച്ച് അവർ വിശകലനം ചെയ്യുന്ന മത്സരങ്ങളുണ്ട്, അവയെല്ലാം കൃത്യമായ തീരുമാനങ്ങളാണ്. അവർ ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് കരുതുന്നില്ല, മനുഷ്യസഹജമായ പിഴവുകൾ ഉണ്ടാകാം. റഫറിയുടെ സഹായമുണ്ടെന്നതിനെ ഞാൻ നിഷേധിക്കുന്നു.” സ്കലോണി പറഞ്ഞു.
കോപ്പ അമേരിക്കയിൽ ആദ്യം മൈതാനത്തെക്കുറിച്ച് പരാതികൾ ഉയരുന്നതിനു ശേഷം ഇപ്പോൾ റഫറിമാരെ വിമർശിക്കുന്നുണ്ട്. അമേരിക്കൻ നായകനായ പുലിസിച്ചിന് റഫറി ഷേക്ക് ഹാൻഡ് നൽകാതിരുന്നത് ഏറെ വിവാദമായിരുന്നു. ഇന്നലെ ബ്രസീലിന്റെ മത്സരത്തിൽ വിനീഷ്യസിന് പെനാൽറ്റി നൽകാതിരുന്നതിൽ പിഴവ് പറ്റിയെന്ന് കോൺമെബോളും സ്ഥിരീകരിച്ചിരുന്നു.
എന്തായാലും ഇത്രയധികം വിമർശനങ്ങൾ ഉണ്ടാവുകയും തങ്ങൾക്ക് പിഴവുകൾ പറ്റിയെന്ന് സംഘാടകർ തന്നെ മനസിലാക്കുകയും ചെയ്ത സ്ഥിതിക്ക് ഇനി അതുണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിക്കുമെന്നാണ് കരുതേണ്ടത്. പക്ഷെ, ബ്രസീലിന്റെ മത്സരത്തിൽ സംഭവിച്ച ആ ഒരു പിഴവ് അവർക്ക് വലിയ തിരിച്ചടി നൽകിയെന്ന കാര്യത്തിൽ സംശയമില്ല.