കേരളത്തിലെ ക്ലബുകൾ മറന്ന ഐഎം വിജയന് പിറന്നാൾ ആശംസയുമായി സ്പെയിനിലെ വമ്പൻ ക്ലബ് | IM Vijayan
കേരളത്തിൽ നിന്നും പോയി ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായി മാറിയ താരമാണ് ഐഎം വിജയൻ. ഇന്ത്യൻ ഫുട്ബോൾ കണ്ട മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ താരം രാജ്യത്തിന്റെ ഇതിഹാസമായാണ് വിരമിച്ചത്. വിരമിച്ചതിനു ശേഷവും ഫുട്ബോളിൽ തന്നെ സജീവമായ താരം അതുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിനു പുറമെ സിനിമാ മേഖലയിലും അദ്ദേഹം സജീവമായി നിൽക്കുന്നു.
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരത്തിന്റെ പിറന്നാൾ ഇന്നാണ്. അൻപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് നിരവധി പേർ ആശംസകൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. പല കായിക പേജുകളും കേരളത്തിലെയും ഇന്ത്യയിലെയും വിവിധ മാധ്യമങ്ങളുമെല്ലാം ആശംസകൾ നേർന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായി മാറിയ താരത്തിന് കേരളത്തിലെ പ്രമുഖ ക്ലബുകളും ഇന്ത്യൻ ഫുട്ബോൾ ടീമും ആശംസകൾ ഇതുവരെ നേർന്നിട്ടില്ല.
Spanish club Sevilla FC wishes happy birthday to legendary indian footballer IM Vijayan.#sevillafc #imvijayan #indianfootball pic.twitter.com/oUfJxJgh9f
— Sreejith N (@sreejithnothing) April 25, 2023
എന്നാൽ ഐഎം വിജയൻറെ ആരാധകരെ ആവേശത്തിലാഴ്ത്തി താരത്തിന് സ്പെയിനിൽ നിന്നുമൊരു പിറന്നാൾ ആശംസ വന്നിട്ടുണ്ട്. സ്പെയിനിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ സെവിയ്യയാണ് ഐഎം വിജയന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ ഐഎം വിജയന് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് താരത്തിന്റെ മികച്ചൊരു പോസ്റ്ററിനൊപ്പമാണ് അവർ കുറിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബോൾ ക്ലബുകൾ മറന്ന ഇതിഹാസത്തിനു സ്പെയിനിൽ നിന്നും വന്ന ആശംസ അഭിമാനം തന്നെയാണ്. സ്പാനിഷ് ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നതെങ്കിലും മുൻപ് ടോപ് ഫോറിൽ സ്ഥിരമായി ഉണ്ടായിരുന്ന ക്ലബാണ് സെവിയ്യ. ഈ സീസണിൽ യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ഏതാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിൽ ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന താരമാണ് ഐഎം വിജയൻ. 1993, 1997, 1999 എന്നീ വർഷങ്ങളിൽ ഇന്ത്യയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. ഒന്നിലധികം തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ താരമായ ഐഎം വിജയം ഇന്ത്യക്കായി 71 മത്സരങ്ങളിൽ നിന്നും 34 ഗോളുകളാണ് നേടിയിട്ടുള്ളത്.
Sevilla FC Wishes IM Vijayan On His Birthday