ന്യൂകാസിൽ യുണൈറ്റഡ് മാർക്വീ സൈനിങ്‌ നടത്തുന്നു, ബ്രസീലിയൻ താരം ടീമിലെത്തും | Newcastle United

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം വലിയ കുതിപ്പാണ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനുമായിട്ടുള്ളത്. കഴിഞ്ഞ സീസണിൽ അവസാനസ്ഥാനങ്ങളിൽ നിന്നും കുതിച്ചു കയറിയ ടീം മിഡ് ടേബിളിൽ ഫിനിഷ് ചെയ്‌തിരുന്നു. റെക്കോർഡ് സൈനിംഗുകൾ ഒന്നും നടത്താതെ തന്നെ ഈ സീസണിൽ ടോപ് ഫോറിലെത്താനും അവർക്ക് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടമാണ് ക്ലബ് ഇപ്പോൾ നടത്തുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതോടെ ന്യൂകാസിൽ യുണൈറ്റഡിലേക്ക് വമ്പൻ താരങ്ങളെത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് മാർക്വീ സൈനിങ്‌ നടത്താനുള്ള ഒരുക്കത്തിലാണ്. നിലവിൽ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ മുന്നേറ്റനിര താരമായ റാഫിന്യയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്നത്.

പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് കഴിഞ്ഞ സമ്മറിൽ റാഫിന്യയെ ബാഴ്‌സലോണയിലേക്കെത്തിച്ചത്. ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും ബാഴ്‌സയിലേക്ക് ചേക്കേറുകയെന്നായിരുന്നു താരത്തിന്റെ തീരുമാനം. ടീമിലെത്തി കുറച്ചു കാലം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോൾ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത് റാഫിന്യയാണ്.

ഈ സീസണിൽ സാവിയുടെ പദ്ധതികളിൽ പ്രധാനിയായ റഫിന്യ 41 മത്സരങ്ങൾ കളിച്ച് ഒൻപതു ഗോളുകളും ഒൻപത് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. ടീമിനായി മികച്ച പ്രകടനം നടത്തുമ്പോഴും അടുത്ത സമ്മറിൽ ബാഴ്‌സ താരത്തെ കൈവിടാനുള്ള സാധ്യത വളരെ കൂടുതലാണ്. പരിശീലകന്റെ തീരുമാനങ്ങളിൽ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ച് വാർത്തകളിൽ ഇടം നേടാറുള്ള താരത്തെ വേതനബിൽ കുറക്കുന്നതിന് വേണ്ടിയാണ് ബാഴ്‌സലോണ ഒഴിവാക്കാനൊരുങ്ങുന്നത്.

റാഫിന്യയെ വിൽക്കാൻ ബാഴ്‌സലോണയ്ക്ക് പൂർണമായ താല്പര്യമില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ ലഘൂകരിക്കാൻ താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് വഴി കഴിയുമെന്നത് ബാഴ്‌സലോണ നോക്കിക്കാണുന്നു. പ്രീമിയർ ലീഗിൽ മുൻപ് കളിച്ചിട്ടുള്ള താരത്തിന് അവിടെ നിന്നും നിരവധി ഓഫറുകളുള്ളത് ബാഴ്‌സയ്ക്ക് ഗുണം ചെയ്യും. ലയണൽ മെസിയുടെ തിരിച്ചു വരവിനും ഇത് വഴിയൊരുക്കും.

Newcastle United Wants Barcelona Star Raphinha