റൊണാൾഡോയെ പരിശീലകൻ അപമാനിച്ചോ, അവസരം നഷ്‌ടമാക്കിയതിനുള്ള പ്രതികരണം ഞെട്ടിക്കുന്നത് | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അൽ നസ്‌റിനെയും സംബന്ധിച്ച് നിരാശ നൽകുന്ന ദിവസമായിരുന്നു ഇന്നലത്തേത്. സീസണിൽ അൽ നസ്റിന് പ്രതീക്ഷയുണ്ടായിരുന്ന കിരീടപ്പോരാട്ടമായ കിങ്‌സ് കപ്പ് സെമിയിൽ പരാജയം വഴങ്ങി ടീം പുറത്തു പോയി. ലീഗിൽ പതിമൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീമായ അൽ വെഹ്ദയാണ് രണ്ടാം സ്ഥാനക്കാരായ അൽ നസ്‌റിനെ കിങ്‌സ് കപ്പ് സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ വഹ്ദ പത്ത് പേരായി ചുരുങ്ങിയിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് വിജയം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. മത്സരത്തിൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾമുഖം തുറക്കാൻ റൊണാൾഡോക്കും സംഘത്തിനും കഴിഞ്ഞില്ല. അതേസമയം മത്സരത്തിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ തുലച്ചു കളഞ്ഞ റൊണാൾഡോയും തോൽ‌വിയിൽ പങ്കാളിയാണെന്ന കാര്യത്തിൽ സംശയമില്ല.

അതിനിടയിൽ റൊണാൾഡോ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ നഷ്‌ടപെടുത്തിയ അവസരത്തിനോട് അൽ നസ്ർ പരിശീലകൻ പ്രതികരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബോക്‌സിനുള്ളിലേക്ക് വന്ന ക്രോസ് അനായാസം ഗോളിലേക്ക് അടിച്ചു കയറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിയുമായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തു പോവുകയാണ് ചെയ്‌തത്‌.

ആദ്യപകുതിയിൽ ഒരു ഗോൾഡൻ ചാൻസ് മിസ്സാക്കിയ റൊണാൾഡോ രണ്ടാം പകുതിയിലും അതുപോലെ തന്നെ അവസരം തുലച്ചത് അൽ നസ്ർ പരിശീലകന് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നു. അതിനോട് രോഷാകുലനായി പ്രതികരിച്ച പരിശീലകൻ അതിന്റെ ദേഷ്യത്തോടെ തന്നെ നിലത്തു തുപ്പുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റൊണാൾഡോയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണെന്ന് ആരാധകർ പറയുന്നു.

മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം റൊണാൾഡോ പരിശീലകനോട് പരാതി പറയുന്ന വീഡിയോയും പുറത്തു വന്നിരുന്നു. അൽ വെഹ്ദ മുന്നിലെത്തിയതിനു ശേഷം ആദ്യപകുതി അവസാനിച്ചപ്പോൾ അതിന്റെ നിരാശയിലാണ് റൊണാൾഡോ പരിശീലകനോട് തന്റെ രോഷം പ്രകടിപ്പിച്ചത്. ആഴ്ച്ചകൾക്ക് മുൻപ് റൂഡി ഗാർസിയയെ പുറത്താക്കിയ അൽ നസ്‌റിന് ഒട്ടും ആശ്വസിക്കാൻ വകയുള്ളതല്ല ഇപ്പോഴത്തെ സംഭവങ്ങൾ.

Al Nassr Coach Reaction After Cristiano Ronaldo Missed Chance