റൊണാൾഡോ തുലച്ചത് രണ്ടു സുവർണാവസരങ്ങൾ, വീണ്ടും തോറ്റ് അൽ നസ്ർ | Cristiano Ronaldo

സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഇപ്പോൾ താരത്തിന് നല്ല സമയമല്ല. കഴിഞ്ഞ മൂന്നു മത്സരങ്ങളായി താരത്തിന് ഗോൾ നേടാൻ കഴിഞ്ഞില്ലെന്നതിനു പുറമെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലീഗിലെ പതിമൂന്നാം സ്ഥാനക്കാരായ ടീമിനോട് തോറ്റ് അൽ നസ്ർ കിങ്‌സ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്‌തു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അൽ നസ്ർ തോൽവി വഴങ്ങിയത്.

മത്സരത്തിൽ അൽ നസ്റിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ അൽ നസ്ർ ഇരുപത്തിനാലു ഷോട്ടുകൾ ഉതിർത്തപ്പോൾ വെറും അഞ്ചു ഷോട്ടുകൾ മാത്രം ഉതിർത്ത അൽ വഹ്ദ അതിൽ ലക്ഷ്യത്തിലേക്ക് പോയ ഒരേയൊരു ഷോട്ടിൽ ഗോൾ നേടിയാണ് മത്സരത്തിൽ വിജയം നേടിയത്. മത്സരത്തിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയില്ലെന്ന സാഹചര്യമാണ് അൽ നസ്ർ നേരിടുന്നത്.

മത്സരത്തിൽ തോൽവി വഴങ്ങിയതിൽ റൊണാൾഡോക്കും ഉത്തരവാദിത്വമുണ്ട്. രണ്ടു മികച്ച അവസരങ്ങളാണ് മത്സരത്തിൽ താരം നഷ്‌ടമാക്കിയത്. ആദ്യപകുതിയിൽ ഒരു ക്രോസ് ക്ളോസ് റേഞ്ചിൽ നിന്നും കണക്റ്റ് ചെയ്‌തു ഗോളാക്കാൻ റൊണാൾഡോക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് നേരെ ഗോളിയുടെ നേർക്കാണ് പോയത്. ഗോളിയുടെ ദേഹത്ത് തട്ടി അതിനു ശേഷം റൊണാൾഡോയുടെയും ദേഹത്ത് തട്ടി പന്ത് പുറത്തേക്ക് പോവുകയും ചെയ്‌തു.

പിന്നീട് മത്സരത്തിന്റെ എൺപതാം മിനുട്ടിനു ശേഷമാണ് മറ്റൊരു അവസരം ലഭിച്ചത്. ഇടതു വിങ്ങിൽ നിന്നും റൊണാൾഡോയെ തേടിയെത്തിയ ഒരു ഗ്രൗണ്ടർ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്നും വലയിലെത്തിക്കാൻ താരത്തിന് അവസരം ലഭിച്ചെങ്കിലും അത് ബാറിൽ തട്ടി പുറത്തു പോയി. അത് ഗോളായി മാറ്റാൻ പോർച്ചുഗൽ താരത്തിന് കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ.

പരിശീലകനെ പുറത്താക്കിയതിന് ശേഷം അൽ നസ്ർ കൂടുതൽ മോശം ഫോമിലേക്ക് പോയിട്ടുണ്ടെന്നാണ് അതിനു ശേഷമുള്ള മത്സരഫലങ്ങൾ കാണിക്കുന്നത്. സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്തു തുടരുന്ന ടീമിന് കിരീടസാധ്യത വളരെ കുറവാണ്. ചിലപ്പോൾ മൂന്നാം സ്ഥാനത്തേക്ക് വരെ ടീം വീഴാനുള്ള സാധ്യതയും കാണുന്നു. റൊണാൾഡോക്ക് നിരാശപ്പെടുത്തുന്ന ഒരു സീസണായി ഇത് മാറാനുള്ള സാധ്യത കൂടുതലാണ്.

Cristiano Ronaldo Missed Chances Against Al Wehda