റൊണാൾഡോ ഒരു ദൗർഭാഗ്യമാണോ? താരം പോയതിനു ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും ചേക്കേറിയ അൽ നസ്‌റും | Cristiano Ronaldo

സൗദി ലീഗിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിടം അടക്കി ഭരിക്കും എന്നാണു പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങൾ ആ വഴിക്കല്ല പോകുന്നത്. റൊണാൾഡോ ടീമിനായി പലപ്പോഴും ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും നിർണായക ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഇന്നലെ ലീഗിൽ പതിമൂന്നാം സ്ഥാനക്കാരായ അൽ വഹ്ദക്കെതിരെ നടന്ന കിങ്‌സ് കപ്പ് സെമി ഫൈനലിലെ തോൽവി അത് തെളിയിക്കുന്നു. തോൽവിയോടെ അൽ നസ്ർ പുറത്തായിരുന്നു.

അതേസമയം റൊണാൾഡോ ചേക്കേറിയാൽ ക്ലബുകൾക്ക് അത് ദൗർഭാഗ്യം വരുത്തുന്നുണ്ടോയെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ച നടക്കുന്നത്. റൊണാൾഡോ എത്തിയതിനു ശേഷവും റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷവുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റൊണാൾഡോ ചേക്കേറിയ അൽ നസ്‌റിന്റെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന കണക്കുകൾ കാണിച്ചാണ് ആരാധകർ താരം ചേക്കേറുന്നത് ദൗർഭാഗ്യമാണോ എന്നു ചർച്ച ചെയ്യുന്നത്.

റൊണാൾഡോ വരുന്നതിനു മുൻപുള്ള സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ റൊണാൾഡോയുടെ വരവിനു ശേഷം ടീം പുറകോട്ടു പോയി. താരം മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ പോലും എത്തിയില്ലായിരുന്നു.

ഈ സീസണിലും റൊണാൾഡോയുള്ളപ്പോൾ സമ്മിശ്രമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നത്. എന്നാൽ റൊണാൾഡോ ടീം വിട്ടതിനു ശേഷം ഉജ്ജ്വല ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കി. കറബാവോ കപ്പ് കിരീടമാണ് ടീം നേടിയത്. അതിനു പുറമെ ഇപ്പോൾ ടീം നിൽക്കുന്നത് ലീഗിൽ മൂന്നാം സ്ഥാനത്താണ്. എഫ്എ കപ്പിന്റെ ഫൈനലിലും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയിട്ടുണ്ട്.

അതേസമയം റൊണാൾഡോ ചേക്കേറിയ അൽ നസ്റിന് തിരിച്ചടിയാണ് ഫലം.ലീഗിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. അതിനു പുറമെ സൗദി സൂപ്പർകപ്പ്, റിയാദ് സൂപ്പർകപ്പ്, സൗദി കിങ്‌സ് കപ്പ് എന്നിവയിൽ നിന്നും ടീം പുറത്തു പോയി. ഒരു കിരീടം പോലുമില്ലാതെ ഈ സീസൺ അവസാനിപ്പിക്കേണ്ട സാഹചര്യവും അൽ നസ്റിനുണ്ട്. ഇതാണ് റൊണാൾഡോയെ ചുറ്റി ദൗർഭാഗ്യം നിൽക്കുന്നുണ്ടോയെന്ന് ആരാധകർ ചർച്ച ചെയ്യാൻ കാരണം.

ഇതിനു പുറമെ യുവന്റസിനും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. റൊണാൾഡോ എത്തിയതിനു ശേഷം ലീഗ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒൻപതു വർഷം തുടർച്ചയായി ലീഗ് നേടിയ യുവന്റസ് പത്താമത്തെ സീസണിൽ അതിൽ പരാജയപ്പെട്ടത് റൊണാൾഡോ ഉള്ളപ്പോൾ തന്നെയാണ്. ഈ ക്ലബുകളിൽ നിന്നെല്ലാം നിരവധി പരിശീലകർ പുറത്താക്കപ്പെട്ടുവെന്നതും അതിനൊപ്പം ചേർത്ത് പറയേണ്ടതാണ്.

Fans Saying There Is A Cristiano Ronaldo Curse In Football