അർജന്റീനയാണു തനിക്ക് വലുത്, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഫൈനൽ കളിക്കാനില്ലെന്ന് ഗർനാച്ചോ | Alejandro Garnacho

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സെൻസേഷനായ അലസാൻഡ്രോ ഗർനാച്ചോയെ അണ്ടർ 20 ലോകകപ്പിനുള്ള അർജന്റീനയുടെ പ്രാഥമിക സ്‌ക്വാഡിൽ ഉൾപ്പെടുത്തി ലിസ്റ്റ് പുറത്തു വിട്ടിരുന്നെങ്കിലും താരത്തെ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ക്ലബ് സ്വീകരിച്ചത്. നിലവിൽ പരിക്ക് കാരണം പുറത്തിരിക്കുന്ന താരത്തിന് കൂടുതൽ പരിക്കിന്റെ പ്രശ്‌നങ്ങൾ വരുമോയെന്ന ഭയവും എഫ്എ കപ്പ് ഫൈനൽ പോരാട്ടം ലോകകപ്പിന്റെ ഇടയിലാണ് വരുന്നതെന്നതുമായിരുന്നു അതിനു കാരണം.

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ എത്തിയില്ലെങ്കിൽ മാത്രമേ ഗർനാച്ചോയെ തങ്ങൾക്ക് ലഭിക്കൂവെന്നാണ് അർജന്റീന നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ബ്രൈറ്റനെതിരെ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ എത്തിയതോടെ അവരുടെ പ്രതീക്ഷ മങ്ങുകയും ചെയ്‌തു. മാഞ്ചസ്റ്റർ സിറ്റിക്കതിരെ ജൂൺ മൂന്നിന് നടക്കുന്ന ഫൈനലിൽ താരത്തിന്റെ സാന്നിധ്യം ക്ലബിന് ആവശ്യമായിരിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

എന്നാൽ തനിക്ക് പ്രധാനം അർജന്റീന തന്നെയാണെന്ന് അലസാൻഡ്രോ ഗർനാച്ചോ തെളിയിച്ചു കഴിഞ്ഞു. അണ്ടർ 20 ലോകകപ്പിൽ കളിക്കാൻ തന്നെയാണ് താരത്തിന്റെ തീരുമാനം. അതിനായി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജൂണിൽ നടക്കാനിരിക്കുന്ന എഫ്എ കപ്പ് ഫൈനലിൽ കളിക്കാനില്ലെന്ന തീരുമാനം ഗർനാച്ചോ എടുത്തു കഴിഞ്ഞു. എന്നാൽ താരത്തെ വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ അവസാന തീരുമാനം മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എടുക്കേണ്ടത്.

ഇത്തവണ അർജന്റീനയിൽ വെച്ചാണ് അണ്ടർ 20 ലോകകപ്പ് നടക്കുന്നത്. ഖത്തർ ലോകകപ്പിന് പിന്നാലെ ഒരു ലോകകിരീടം കൂടി നേടാൻ സ്വന്തം മണ്ണിൽ വെച്ച് അർജന്റീനക്ക് അവസരമുണ്ട്. അതിനായി ഏറ്റവും മികച്ച സ്‌ക്വാഡിനെ അണിനിരത്താൻ തന്നെയാണ് അവരുടെ തീരുമാനം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെ നിരവധി ക്ലബുകൾ താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന തീരുമാനം എടുത്തതിനാൽ പരിശീലകൻ മഷറാനോ ചർച്ചകൾക്കായി യൂറോപ്പിൽ എത്തിയിട്ടുണ്ട്.

2008 ബീജിംഗ് ഒളിമ്പിക്‌സിനുള്ള അർജന്റീന ടീമിലേക്ക് മെസിയെ വിട്ടുകൊടുക്കാൻ ബാഴ്‌സലോണ തയ്യാറായിരുന്നില്ല. പരിക്ക് തന്നെയായിരുന്നു അവിടെയും പ്രശ്‌നം. എന്നാൽ ഒളിമ്പിക്‌സ് കളിക്കാൻ പോകണമെന്ന് ഉറപ്പിച്ചു പറഞ്ഞ മെസിയെ ഒടുവിൽ ബാഴ്‌സലോണ വിട്ടുകൊടുത്തു. ഒളിമ്പിക്‌സ് മെഡൽ നേടിയാണ് മെസി ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചു വന്നത്. ഗർനാച്ചോയും സമാനമായ നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Alejandro Garnacho Decided To Play In the U20 World Cup With Argentina