റൊണാൾഡോയെ കാത്തിരിക്കുന്നത് 21 വർഷത്തെ കരിയറിൽ ഇതുവരെയില്ലാത്ത നാണക്കേടിന്റെ റെക്കോർഡ് | Cristiano Ronaldo

കരിയറിൽ ഒരു ഗംഭീര തിരിച്ചുവരവ് ലക്ഷ്യമിട്ട് സൗദി ലീഗിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവിടെയും തിരിച്ചടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന സൗദി കിങ്‌സ് കപ്പിന്റെ സെമി ഫൈനലിൽ ലീഗിലെ പതിമൂന്നാം സ്ഥാനക്കാരായ അൽ വഹ്ദക്കെതിരെ തോൽവി വഴങ്ങി പുറത്തു പോയതോടെ ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ സാധ്യതയില്ലെന്ന നിലയിലേക്കാണ് റൊണാൾഡോയും അൽ നസ്‌റും പോയിക്കൊണ്ടിരിക്കുന്നത്.

ഇതിനു മുൻപ് അൽ വഹ്ദയെ നേരിട്ടപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ അൽ നസ്റാണ് ഇന്നലെ രണ്ടാം പകുതി മുഴുവൻ പത്തു പേരുമായി കളിച്ച ടീമിനെതിരെ ഒരു ഗോൾ പോലും നേടാൻ കഴിയാതെ പരാജയപ്പെട്ടത്. അന്നു നാല് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നെങ്കിൽ ഇന്നലെ താരം ഒരു ഗോളും നേടിയില്ലെന്നു മാത്രമല്ല, രണ്ടു സുവർണാവസരങ്ങൾ തുലച്ചു കളയുകയും ചെയ്‌തിരുന്നു.

ഈ സീസണിൽ മൂന്നാമത്തെ തവണയാണ് അൽ നസ്ർ ഒരു കപ്പ് പോരാട്ടത്തിൽ നിന്നും പുറത്തു പോകുന്നത്. ഇതിനു മുൻപ് റിയാദ് സൂപ്പർകപ്പ്, സൗദി സൂപ്പർ കപ്പ് എന്നീ ടൂർണമെന്റുകളിൽ നിന്നുമാണ് അൽ നസ്ർ പുറത്തു പോയത്. ഇതിനു പുറമെ റൊണാൾഡോ വരുമ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇപ്പോൾ മൂന്നു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ അൽ ഇത്തിഹാദ് ഒരു മത്സരം കുറച്ചു കളിച്ചത് അൽ നസ്‌റിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു മോശം റെക്കോർഡ് കൂടിയാണ് ഈ സീസണിൽ കാത്തിരിക്കുന്നത്. ഈ സീസണിൽ അൽ നസ്ർ ഒരു കിരീടം പോലും നേടിയില്ലെങ്കിൽ കരിയറിൽ ആദ്യമായി തുടർച്ചയായി രണ്ടു സീസണുകളിൽ ട്രോഫി നേടിയില്ലെന്ന വലിയ നാണക്കേട് റൊണാൾഡോക്ക് സ്വന്തമാകും. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒപ്പവും റൊണാൾഡോ കിരീടം നേടിയിട്ടില്ലായിരുന്നു.

അൽ നസ്‌റിനെ സംബന്ധിച്ച് ഇനിയുള്ള ഒരേയൊരു കിരീടപ്രതീക്ഷ ലീഗ് കിരീടം മാത്രമാണ്. എന്നാൽ അതവർ നേടണമെങ്കിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദ് പോയിന്റ് നഷ്‌ടമാക്കണം. അല്ലെങ്കിൽ സൗദി പോലെയൊരു ലീഗിൽ കളിച്ചിട്ടും യാതൊരു നേട്ടവും ടീമിന് സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെന്നത് റൊണാൾഡോക്ക് വലിയ നാണക്കേടാണ് നൽകുക.

Cristiano Ronaldo Close To Unwanted Record First Time In Career