ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു, യൂറോ കപ്പ് ജേതാക്കളായ സ്പെയിനിനെ പ്രശംസിച്ച് പരിശീലകൻ

ഇംഗ്ലണ്ടിനെ കീഴടക്കി യൂറോ കപ്പ് കിരീടം നേടിയ ഫ്രാൻസ് ടീമിനെ പ്രശംസിച്ച് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂവന്റെ. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് സ്പെയിനിനു മുന്നിൽ കീഴടങ്ങിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലായിരുന്നു സ്പെയിനിന്റെ കിരീടധാരണം.

യൂറോ കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും വിജയം നേടിയാണ് സ്പെയിൻ വിജയം നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ടൂർണമെന്റിലെ ഏഴു മത്സരങ്ങളിലും വിജയം നേടുന്നത്. വിജയം എന്നതിനു പുറമെ യൂറോ കപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ആരാധകരുടെ മുഴുവൻ മനസു കവർന്നാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്.

“എനിക്ക് ഇതിനേക്കാൾ സന്തോഷം ഉണ്ടാകാനില്ല. കളിക്കാരെയും ആരാധകരെയും എല്ലാം കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതൊരു മനോഹരമായ ദിവസമാണ്, മികച്ചൊരു ടീം കിരീടം സ്വന്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം അവരാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം. ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ കഴിയും, ഈ ടീമിന് ഇനിയും മുന്നേറാൻ കഴിയും.” ഫ്യൂവന്റെ പറഞ്ഞു.

സ്‌പാനിഷ്‌ പരിശീലകന്റെ തന്ത്രങ്ങൾ തന്നെയാണ് സ്പെയിനിന്റെ വിജയത്തിന് അടിത്തറയായത്. യൂറോ കിരീടം സ്വന്തമാക്കിയ സ്പെയിൻ വലിയൊരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ സ്പെയിനിന്റെ യുവതാരങ്ങൾ അടുത്ത ലോകകപ്പിൽ ഇതിനേക്കാൾ മികവ് കാണിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

യൂറോ കപ്പിൽ സ്പെയിൻ കിരീടം സ്വന്തമാക്കിയതോടെ ലൂയിസ് ഡി ലാ ഫ്യൂവന്റെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നു കിരീടങ്ങളാണ് അദ്ദേഹം പരിശീലകനായി നേടിയത്. സ്പെയിനിന്റെ അണ്ടർ 19, അണ്ടർ 21 ടീമുകൾക്കൊപ്പമാണ് അദ്ദേഹം ഇതിനു മുൻപ് യൂറോപ്യൻ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.