ലൂണയുടെ മാന്ത്രികനീക്കങ്ങൾക്കായി കാത്തിരിക്കുക, കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ ആദ്യ ഇലവനിലുണ്ടാകുമെന്ന സൂചന നൽകി മൈക്കൽ സ്റ്റാറെ
കഴിഞ്ഞ സീസണിൽ പരിക്കേറ്റു സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായ അഡ്രിയാൻ ലൂണക്ക് അതിനു ശേഷം മികച്ചൊരു പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഡെങ്കിപ്പനി കാരണം ഈ സീസണിന്റെ തുടക്കം നഷ്‌ടമായ താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയിരുന്നു.
ഇന്റർനാഷണൽ ബ്രേക്ക് അഡ്രിയാൻ ലൂണക്ക് തന്റെ ഫിറ്റ്നസ് മുഴുവൻ വീണ്ടെടുക്കാനുള്ള അവസരം നൽകുമെന്ന് മൈക്കൽ സ്റ്റാറെ നേരത്തെ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൊഹമ്മദൻസിനെതിരെ ലൂണ ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Mikael Stahre 🗣️ “Luna will play against Mohammedan SC" @rejintjays36 #KBFC pic.twitter.com/VTYdrE4LVp
— KBFC XTRA (@kbfcxtra) October 17, 2024
അഡ്രിയാൻ ലൂണയുടെ ലഭ്യതയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് നായകൻ കളിക്കുമെന്ന ഉത്തരം മൈക്കൽ സ്റ്റാറെ നൽകിയത്. പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ അവസരം ലഭിച്ചതിനാൽ ആദ്യ ഇലവനിൽ തന്നെ ലൂണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം പ്രതീക്ഷ നൽകുന്നതാണെങ്കിലും മധ്യനിര കുറച്ചുകൂടി ക്രിയാത്മകമായി കളിക്കേണ്ടത് അനിവാര്യമാണ്. ഗോളടിക്കാനും അടിപ്പിക്കാനും കഴിയുന്ന ലൂണയുടെ വരവോടെ അതുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ലൂണ ആദ്യ ഇലവനിൽ ഉണ്ടാവുകയാണെങ്കിൽ ഒരു വിദേശതാരത്തെ ഒഴിവാക്കേണ്ടി വരും. നോഹ, ജിമിനസ് എന്നിവർ തകർപ്പൻ ഫോമിലായതിനാൽ അവർ ടീമിലുണ്ടാകും. മിക്കവാറും മിലോസിനെ ഡിഫെൻസിൽ നിന്നും മാറ്റി കെയോഫിനെ ആ സ്ഥാനത്ത് കൊണ്ടുവരാനാണ് സാധ്യത.