മൊഹമ്മദൻസിന്റെ നീക്കം തിരിച്ചുവരാനുള്ള ഊർജ്ജം നൽകി, തന്റെ തന്ത്രങ്ങളെക്കുറിച്ച് മൈക്കൽ സ്റ്റാറെ

മൈക്കൽ സ്റ്റാറെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. തുടർച്ചയായി മൂന്നു മത്സരങ്ങൾ എതിരാളികളുടെ മൈതാനത്ത് കളിച്ച ടീം അതിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നത് ടീം മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി എന്നിവർക്കെതിരെ വിജയത്തിനരികിലെത്തി സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മൊഹമ്മദന്സിനെതിരെ വിജയം നേടി. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ഒരു ഗോൾ നേടിയതിനു ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് മൊഹമ്മദൻസ് കളിച്ചത്. അത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരാൻ വഴിയൊരുക്കിയെന്ന് മൈക്കൽ സ്റ്റാറെ പറഞ്ഞു. കൃത്യമായി പകരക്കാരെ ഇറക്കി വിജയം നേടിയ തന്ത്രത്തെക്കുറിച്ച് സ്വീഡിഷ് പരിശീലകൻ പറഞ്ഞു.

“രണ്ടാം പകുതിയിൽ ഞങ്ങൾ തിരിച്ചു വന്നു രണ്ടു ഗോളുകൾ സ്വന്തമാക്കി. ഞങ്ങൾക്ക് ഊർജ്ജം നൽകിയത് അവരുടെ സമീപനം കൂടിയാണ്. അവർ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഞങ്ങൾ മുന്നേറ്റനിര താരങ്ങളെ ഇറക്കി ആക്രമണം ശക്തമാക്കി. ഞങ്ങൾ വിജയം അർഹിച്ചിരുന്നു.” മൈക്കൽ സ്റ്റാറെ പറഞ്ഞു.

ക്വാമേ പെപ്രയെ ഇറക്കി ആക്രമണത്തിന് ശക്തി കൂട്ടിയ സ്റ്റാറെയുടെ തന്ത്രമാണ് ടീമിന്റെ തിരിച്ചുവരവിന് കാരണമായത്. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് യഥാർത്ഥ പരീക്ഷ അടുത്ത മത്സരമാണ്. മികച്ച പ്രകടനം നടത്തുന്ന ബെംഗളൂരുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.