വലിയ സ്വപ്‌നം ഉടനെ യാഥാർത്ഥ്യമാകും, ആരാധകർക്ക് ഉറപ്പു നൽകി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാമത്തെ സീസണിലേക്ക് കടക്കാൻ പോവുകയാണ്. ആദ്യത്തെ സീസൺ മുതൽ ലീഗിൽ ഉണ്ടായിരുന്ന ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കിയിട്ടില്ല. ഐഎസ്എല്ലിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ക്ലബുകളിൽ നിലവിൽ കിരീടം നേടാൻ ബാക്കിയുള്ള ഒരേയൊരു ടീമായി തുടരുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകൃതമായ കാലം മുതൽ തന്നെ വലിയ ആരാധകപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻബേസ് ഏതാണെന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതു തന്നെയാണ് ഉത്തരം. എന്നാൽ ഇതുവരെ ആരാധകർക്ക് ആഘോഷിക്കാൻ ഒരു കിരീടം നേടാൻ ടീമിന് കഴിഞ്ഞിട്ടില്ലെന്നത് വലിയൊരു നിരാശ തന്നെയാണ്.

കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ പ്രതികരിക്കുകയുണ്ടായി. ആരാധകരുടെ ആഗ്രഹം സഫലമാകുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ ഒരു കിരീടം സ്വന്തമാക്കും എന്നുമാണ് മൈക്കൽ സ്റ്റാറെ പറഞ്ഞത്. ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിനു കിരീടം സ്വന്തമാക്കാനുള്ള വലിയ അവസരങ്ങളിലൊന്നായിരുന്നു ഈ സീസണിലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായിരുന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ ബെംഗളൂരുവിനെതിരെ മോശം പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോവുകയായിരുന്നു.

ഇനി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ ട്രോഫി, ഇന്ത്യൻ സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾക്കായി പൊരുതാൻ കഴിയും. ഇതിൽ ഒരു കിരീടമെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിനുള്ള പിന്തുണ കുറയുമെന്നതിൽ സംശയമില്ല. അതിന്റെ സൂചനകൾ ആരാധകപ്പട തന്നെ കഴിഞ്ഞ ദിവസം നൽകിയിരുന്നു.