ഇന്ത്യൻ ടീമിന്റെ ലൈനപ്പടക്കം തീരുമാനിക്കുന്നത് ജ്യോതിഷി, പരിശീലകൻ സ്റ്റിമാച്ച് വിവാദത്തിൽ | Stimac

ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വലിയ വിവാദത്തിൽ. ഇന്ത്യൻ ഫുട്ബോൾ ടീമിനെക്കുറിച്ച് നിർണായകമായ തീരുമാനങ്ങൾ എടുക്കാനും ടീമിന്റെ ലൈനപ്പ് അടക്കമുള്ളവ തീരുമാനിക്കാനും ക്രൊയേഷ്യൻ പരിശീലകൻ ജ്യോതിഷിയെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു പുറമെ ടീമിനെ സംബന്ധിച്ച വിവരങ്ങൾ സ്റ്റിമാച്ച് ജോതിഷിക്ക് നൽകുന്നുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

ദി ഇന്ത്യൻ എക്പ്രസ് ജേർണലിസ്റ്റായ മിഹിർ വാസവദയുടെ റിപ്പോർട്ടുകൾ പ്രകാരം ഇഗോർ സ്റ്റിമാച്ച് ഡൽഹി എൻസിആറിലുള്ള ഭൂപേഷ് ശർമ്മ എന്ന ജോതിഷിയിൽ നിന്നാണ് നിർണായകമായ തീരുമാനങ്ങൾക്ക് സഹായം തേടുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് സ്റ്റിമാച്ചിന് ഈ ജ്യോതിഷിയെ പരിചയപ്പെടുത്തി നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടു പേരെയും പരസ്‌പരം പരിചയപ്പെടുത്തിയത് താനാണെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസ് മുൻപ് വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

റിപ്പോർട്ടുകൾ പ്രകാരം 2022 ജൂണിൽ അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യൻ കപ്പിലെ നിർണായക മത്സരത്തിനു മുൻപ് ക്രൊയേഷ്യൻ പരിശീലകൻ ജോതിഷിയിൽ നിന്നും സഹായം തേടിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ഇലവൻ അടക്കമുള്ള പല കാര്യങ്ങളും ജോതിഷിക്ക് അയച്ചു നൽകിയതിന് ശേഷമാണ് സ്റ്റിമാച്ച് അന്തിമമായി തീരുമാനിക്കുകയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ജ്യോതിഷിയും ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനും തമ്മിലുള്ള സന്ദേശങ്ങളും ഇന്ത്യൻ എക്‌സ്പ്രസ് പുറത്തു വിട്ടിട്ടുണ്ട്.

ലിസ്റ്റ് ലഭിച്ചതിനു ശേഷം താരങ്ങളുടെ ഗ്രഹനില പരിശോധിച്ച് അവർ മത്സരത്തിൽ തിളങ്ങുമോയെന്നതടക്കമുള്ള കാര്യങ്ങൾ ജ്യോതിഷി സ്റ്റിമാച്ചിനെ അറിയിക്കും. അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ രണ്ടു പ്രധാന താരങ്ങളെ ഒഴിവാക്കാൻ ഇദ്ദേഹം നിർദ്ദേശിച്ചുവെന്നാണ് പറയുന്നത്. മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. അതിനു പുറമെ പകരക്കാരെ ഇറക്കൽ, പരിക്ക് സംബന്ധമായ വിവരങ്ങൾ തുടങ്ങിയവയെല്ലാം ജോതിഷിക്ക് അയച്ചു നൽകി പരിശീലകൻ അഭിപ്രായം തേടിയിരുന്നു.

Stimac Picked Indian Team On Astrologer Advice