എംബാപ്പയെ കിട്ടിയില്ലെങ്കിൽ പകരക്കാരൻ അർജന്റീന താരം, റയൽ മാഡ്രിഡ് നീക്കങ്ങളാരംഭിച്ചു | Real Madrid

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അപ്രതീക്ഷിതമായാണ് പ്രധാന സ്‌ട്രൈക്കറായിരുന്ന കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നത്. സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് വമ്പൻ ഓഫറുമായി വന്നപ്പോൾ മുസ്‌ലിം രാജ്യത്തേക്ക് ചേക്കേറാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് നിരവധി വർഷങ്ങളായി ടീമിലെ പ്രധാന താരമായിരുന്ന ബെൻസിമ ക്ലബ് വിട്ടത്. അപ്രതീക്ഷിതമായിരുന്നു ബെൻസിമ ക്ലബ് വിട്ടത് എന്നതിനാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞതുമില്ല.

ബെൻസിമക്ക് പകരക്കാരൻ ഇപ്പോൾ വേണ്ടെന്നു റയൽ മാഡ്രിഡ് ചിന്തിക്കാൻ പ്രധാന കാരണം അടുത്ത സമ്മറിൽ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയെ സ്വന്തമാക്കാനുള്ള വഴികൾ മുന്നിലുണ്ടെന്നതു കൊണ്ടായിരുന്നു എന്നത് വ്യക്തം. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാമെന്ന വിശ്വാസം റയലിനുണ്ടായിരുന്നു. എന്നാൽ ആ വിശ്വാസത്തിന് ഇളക്കം തട്ടിച്ചു കൊണ്ട് താരം പിഎസ്‌ജിയുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ ഇപ്പോൾ വർധിച്ചിട്ടുണ്ട്.

എംബാപ്പയെ അടുത്ത സീസണിലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരൻ ആരാകണമെന്ന കാര്യത്തിൽ റയൽ മാഡ്രിഡ് തീരുമാനത്തിലെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസിനെ അടുത്ത സമ്മറിൽ സ്വന്തമാക്കാനുള്ള പദ്ധതിയാണ് റയൽ മാഡ്രിഡിനുള്ളത്. എർലിങ് ഹാലൻഡിനെയാണ് റയൽ മാഡ്രിഡിന് കൂടുതൽ താൽപര്യമെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള തുക വളരെ കൂടുതലാകുമെന്നതു കൊണ്ടാണ് അൽവാരസിലേക്ക് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.

ഇരുപത്തിമൂന്നുകാരനായ അൽവാരസിനു ഹാലാൻഡിന്റെ സാന്നിധ്യം കാരണം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവാണെങ്കിലും കളത്തിലിറങ്ങുമ്പോഴെല്ലാം മിന്നുന്ന പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഖത്തർ ലോകകപ്പിലും അത് ആരാധകർ കണ്ടതാണ്. ഈ പ്രായത്തിൽ തന്നെ ഫുട്ബോളിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് അൽവാരസ്. സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ താരത്തിന് റയൽ മാഡ്രിഡിലെത്താൻ കഴിഞ്ഞാൽ അത് തന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ കൂടുതൽ പ്രദർശിപ്പിക്കാൻ അവസരമാകും.

Julian Alvarez On Real Madrid Radar