“മെസിക്കാണ് ബാലൺ ഡി ഓർ നൽകുന്നതെങ്കിൽ പിന്നെയാ ചടങ്ങിലേക്ക് പോകില്ല”- ഹാലൻഡാണ് അവാർഡിനർഹനെന്നു മുൻ ചെൽസി താരം | Ballon Dor

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചതു മുതൽ ആരാണ് പുരസ്‌കാരം നേടുകയെന്ന കാര്യത്തിൽ ചർച്ചകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ലോകകപ്പ് നേടിയ ലയണൽ മെസിക്കാണ് പുരസ്‌കാരത്തിന് അർഹതയെന്നു നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും മറിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മുൻ ചെൽസി താരവും ഫുട്ബോൾ പണ്ഡിറ്റുമായ ക്രൈഗ് ബെർലി അത്തരമൊരു അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

“എർലിങ് ഹാലാൻഡ് ഇത്തവണ വിജയിച്ചില്ലെങ്കിൽ ഇതവസാനിപ്പിക്കുകയാണ് നല്ലത്. മെസി ലോകകപ്പ് വിജയിച്ചത് വലിയൊരു നേട്ടം തന്നെയാണ്, പക്ഷെ അതു നാലാഴ്‌ചത്തെ കാര്യമായിരുന്നു. പക്ഷെ ലീഗിലെ താരത്തിന്റെ ഫോം മികച്ചതായിരുന്നില്ല. പിഎസ്‌ജി വളരെ മോശമായിരുന്നു. അതേസമയം ഹാലാൻഡ് അമ്പതു ഗോളുകളും ട്രെബിൾ കിരീടങ്ങളും നേടി. താരം അതർഹിക്കുന്നു. മെസിയിൽ നിന്നും മാറാൻ പലർക്കും താൽപര്യം ഉണ്ടാകില്ല, പക്ഷെ നമ്മൾ വിശാലമായി നോക്കിക്കാണണം.”

“വിഡ്ഢികളായ ഒരുപാട് ജേർണലിസ്റ്റുകൾ ലയണൽ മെസിക്ക് വോട്ടു ചെയ്തേക്കാം. എന്നാൽ എർലിങ് ഹാലാൻഡാണ് വലിയൊരു കാലയളവിലെ എല്ലാം നേടിയത്. ചില അവാർഡുകൾ പോലെ ഈ അവാർഡും എനിക്ക് താല്പര്യമില്ലാത്തതാണ്. പക്ഷെ ഹാലാൻഡ് അതർഹിക്കുന്നു. വൈകാരികമായി ചിലർ മെസിയെ പിന്തുണക്കും. മെസി ലോകകപ്പ് നേടി, മെസി അതാണ്, മെസി ഇതാണ് എന്നെല്ലാം പറഞ്ഞ് അവർ മറ്റൊരു പുരസ്‌കാരം കൂടി അദ്ദേഹത്തിന് നൽകും.”

“പക്ഷെ ഞാനാണ് ഏർലിങ് ഹാലാൻഡ്‌ എങ്കിൽ, മെസിക്കാണു പുരസ്‌കാരം നൽകുന്നതെങ്കിൽ പിന്നീട് ഒരിക്കലും ആ അവാർഡിനു വേണ്ടിയുള്ള ചടങ്ങിലേക്ക് പോകില്ല. ലെവൻഡോസ്‌കിയെ പോലെ.” ബെർലി പറഞ്ഞു. അടുത്ത മാസം മുപ്പതിനാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്. ഇത്തവണ ഏറ്റവും കടുപ്പമേറിയ പോരാട്ടം ബാലൺ ഡി ഓറിനു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ടു പേരിൽ ആരാണ് നേടുകയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചാൽ മാത്രമേ മനസിലാക്കാൻ കഴിയൂ.

Burley Thinks Haaland Deserve Ballon Dor