വമ്പൻ തുക വാരിയെറിഞ്ഞിട്ടും പ്രീമിയർ ലീഗിനെ തൊടാനാകാതെ സൗദി അറേബ്യ, റെക്കോർഡ് ട്രാൻസ്‌ഫർ കണക്കുകൾ പുറത്ത് | FIFA

ജൂൺ ഒന്ന് മുതൽ സെപ്‌തംബർ ഒന്ന് വരെയുള്ള സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറുകളാണ് നടന്നുതെന്നു സ്ഥിരീകരിച്ച് ഫിഫ. കണക്കുകൾ പ്രകാരം 7.36 ബില്യൺ ഡോളറിന്റെ ട്രാൻസ്‌ഫറുകളാണ് ലോകഫുട്ബോളിൽ ഇക്കാലയളവിൽ നടന്നത്. ഇതിനു മുൻപത്തെ റെക്കോർഡ് ട്രാൻസ്‌ഫർ നടന്ന 2019നേക്കാൾ 27 ശതമാനത്തോളം കൂടുതലാണിത്. അതേസമയം കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തേക്കാൾ 47 ശതമാനവും ഈ വർഷം കൂടുതലാണ്.

സൗദി അറേബ്യയുടെ വമ്പൻ തുക വാരിയെറിയലിൽ യൂറോപ്യൻ ഫുട്ബോൾ പകച്ചു പോയെങ്കിലും പണം ചിലവഴിക്കുന്ന കാര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ തൊടാൻ പോലും ആർക്കും കഴിഞ്ഞിട്ടില്ല. 1.98 ബില്യൺ ഡോളറാണ് ഇംഗ്ലണ്ടിലെ ക്ലബുകൾ ട്രാൻസ്‌ഫർ മാർക്കറ്റിൽ മുടക്കിയത്. ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയ കണക്കിലും (449) ഏറ്റവുമധികം കളിക്കാരെ ട്രാൻസ്‌ഫർ ചെയ്‌ത കണക്കിലും (514) ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

ഇത്തവണ ട്രാൻസ്‌ഫർ മാർക്കറ്റിൽ വിപ്ലവം സൃഷ്‌ടിച്ച സൗദി അറേബ്യ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ്. വമ്പൻ തുക പ്രതിഫലം നൽകി താരങ്ങളെ സ്വന്തമാക്കിയ അവർക്കു പക്ഷെ പണം ചിലവഴിച്ച കണക്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. 875 മില്യൺ ഡോളറാണ് അവർ സമ്മറിൽ ചിലവഴിച്ചത്. 859 മില്യൺ ഡോളറുമായി ഫ്രാൻസ് മൂന്നാമതും 762 മില്യൺ ഡോളറുമായി ജർമനി നാലാമതും 711 മില്യൺ ഡോളറുമായി ഇറ്റലി അഞ്ചാമതും നിൽക്കുന്നു.

ഒരുകാലത്ത് വമ്പൻ തുക വാരിയെറിഞ്ഞിരുന്ന സ്‌പാനിഷ്‌ ലീഗ് ഇത്തവണ മുടക്കിയത് വെറും 405 മില്യൺ ഡോളറാണെന്ന പ്രത്യേകത കൂടിയുണ്ട്. ജർമനിയാണ് ഏറ്റവുമധികം ട്രാൻസ്‌ഫർ വരുമാനമുണ്ടാക്കിയ ലീഗ്. 1.11 മില്യൺ യൂറോയാണ് ജർമനി വിവിധ താരങ്ങളുടെ ട്രാൻസ്‌ഫറിൽ നിന്നും ഈ സമ്മറിൽ ഉണ്ടാക്കിയ വരുമാനം. സൗദി അറേബ്യയുടെ ചിലവാക്കാൻ കാരണം ആദ്യമായി യൂറോപ്പിന് പുറത്തുള്ള കോൺഫെഡറേഷൻ ആകെ ട്രാൻസ്‌ഫർ തുകയുടെ പത്ത് ശതമാനത്തിനു മുകളിൽ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്.

FIFA Confirms Record Transfer Spend In 2023