മെസിക്ക് കൂട്ടായി മറ്റൊരു വമ്പൻ താരം കൂടിയെത്തും, അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ശ്രമം | Inter Miami

ലയണൽ മെസി ഇന്റർ മിയാമിയിലും അമേരിക്കയിലും തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തുന്ന താരം ക്ലബിന് ചരിത്രത്തിൽ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകുകയും മറ്റൊരു കിരീടത്തിനു വേണ്ടിയുള്ള ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്‌തു. ലയണൽ മെസി വന്നതിനു ശേഷം ഒരു മത്സരത്തിൽ പോലും ഇന്റർ മിയാമി തോൽവി വഴങ്ങിയിട്ടില്ലെന്നത് താരം ടീമിൽ ഉണ്ടാക്കിയ മാറ്റം വ്യക്തമാക്കുന്നു.

ലയണൽ മെസിക്ക് പിന്നാലെ മറ്റു ചില താരങ്ങളും ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ബാഴ്‌സലോണ താരങ്ങളായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവരാണ് ഇന്റർ മിയാമിയിലേക്ക് എത്തിയത്. അതിനു പുറമെയും മറ്റു ചില താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും ആരും ടീമിലെത്തിയിട്ടില്ല. എന്നാൽ അടുത്ത സമ്മറിൽ ഒരു വമ്പൻ സൈനിങ്‌ കൂടി ഇന്റർ മിയാമി ലക്ഷ്യമിടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നിലവിൽ അത്ലറ്റികോ മാഡ്രിഡിനായി കളിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ അന്റോയിൻ ഗ്രീസ്‌മനാണ് ഇന്റർ മിയാമിയുടെ റഡാറിലുള്ളത്. അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള താരത്തെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനുള്ള പദ്ധതിയിലാണ് ഇന്റർ മിയാമി. മുപ്പത്തിരണ്ട് വയസുള്ള താരത്തിനായി മൂന്നു വർഷം വരെ നീളുന്ന കരാർ വാഗ്‌ദാനം ചെയ്യാൻ അമേരിക്കൻ ക്ലബ് ഒരുക്കമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ താരവുമായി ബന്ധപ്പെട്ട് ഇന്റർ മിയാമി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം റിലീസിംഗ് ക്ലോസാണ്. ഇരുപത്തിയഞ്ചു മില്യൺ യൂറോ താരത്തിനായി അമേരിക്കൻ ക്ലബ് മുടക്കേണ്ടി വരും. എന്നാൽ രണ്ടു കക്ഷികളും തമ്മിൽ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ യാഥാർഥ്യമാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Inter Miami Considering Griezmann Transfer