ഇന്ത്യൻ താരങ്ങളിൽ സ്വാധീനം ചെലുത്തിയ വിദേശതാരങ്ങൾ ലൂണയും ഓഗ്‌ബെച്ചയും, സ്റ്റിമാച്ചിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതിനു ശേഷം ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകകപ്പ് യോഗ്യതയെന്ന സ്വപ്‌നം ഇപ്പോഴും അകലെയാണെങ്കിലും ഫുട്ബോൾ ആരാധകരുടെ എണ്ണം വർധിക്കാനും ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ഇടയിൽ കുറച്ചുകൂടി പ്രൊഫെഷനലായ സമീപനം വരാനുമെല്ലാം ഇന്ത്യൻ സൂപ്പർ ലീഗ് സഹായിച്ചിട്ടുണ്ട്.

മികച്ച വിദേശതാരങ്ങൾ ലീഗിൽ കളിക്കാനെത്തുമ്പോൾ അവരുടെ സ്വാധീനത്തിലാണ് ഇന്ത്യൻ താരങ്ങൾക്കും മാറ്റമുണ്ടാകുന്നത്. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് സഹായിക്കുന്നു. അത്തരത്തിൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ കൂടുതൽ സ്വാധീനിച്ച രണ്ടു വിദേശതാരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചവരാണെന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറയുന്നത്.

“വിദേശതാരങ്ങളായ ഓഗ്‌ബെച്ചേ, അഡ്രിയാൻ ലൂണ എന്നിവർ ഇന്ത്യൻ താരങ്ങളുടെ ഇടയിൽ നല്ല രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാക്കിയുള്ള വിദേശതാരങ്ങൾ ഇവിടേക്ക് വരുന്നത് അവർക്ക് മറ്റെവിടെയും അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണ്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ഓഗ്‌ബെച്ചേ. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ഓഗ്‌ബെച്ചേ പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലാണ് ഓഗ്‌ബെച്ചേ സീനിയർ കരിയർ ആരംഭിച്ചത്.

അഡ്രിയാൻ ലൂണ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ്. മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുന്ന താരം ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ആരാധകർക്കും വളരെ പ്രിയങ്കരനായ ലൂണ അടുത്ത സീസണിൽ ടീമിന് കിരീടം നേടിക്കൊടുക്കാമെന്ന പ്രതീക്ഷയിൽ തയ്യാറെടുപ്പുകൾക്ക് ഒരുങ്ങുകയാണ്.