ആ വിഖ്യാത കൂട്ടുകെട്ട് ഒരുമിച്ചു കളിക്കില്ല, സുവാരസ് ഇന്റർ മിയാമിയിലേക്ക് പോകില്ലെന്ന് ബ്രസീലിയൻ പരിശീലകൻ | Suarez
ഇന്റർ മിയാമിയിൽ എത്തിയ ലയണൽ മെസി തകർപ്പൻ പ്രകടനമാണ് ക്ലബിനായി നടത്തുന്നത്. രണ്ടു മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകളും ഒരു അസിസ്റ്റും ടീമിനായി നേടിക്കഴിഞ്ഞു. വിജയങ്ങൾ നേടാൻ ബുദ്ധിമുട്ടിയ ഇന്റർ മിയാമി ലയണൽ മെസി എത്തിയതിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ജയവും സ്വന്തമാക്കി. ഒരു ശരാശരി ടീമായിരുന്നു ഇന്റർ മിയാമി മെസിയുടെ വരവോടെ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലയണൽ മെസി മാത്രമല്ല, താരത്തിനൊപ്പം മുൻപ് ബാഴ്സലോണയിൽ കളിച്ച താരങ്ങളായ സെർജിയോ ബുസ്ക്വറ്റ്സ്, ജോർദി ആൽബ എന്നിവരും ഇന്റർ മിയാമിയിൽ എത്തിയിട്ടുണ്ട്. ആൽബ ഇതുവരെ ഇന്റർ മിയാമിക്കായി മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും ബുസ്ക്വറ്റ്സ് രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങി. ഈ രണ്ടു താരങ്ങൾക്ക് പുറമെ ലയണൽ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തും മുൻ ബാഴ്സലോണ സഹതാരവുമായി ലൂയിസ് സുവാരസും എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
Luis Suárez will not join Inter Miami this summer. Negotiations collapsed — it’s over. ⛔️🇺🇾🇺🇸 #MLS
“The deal won’t happen. Luis will stay at Gremio until December, the soap opera is over now”, Gremio coach Portaluppi confirms. pic.twitter.com/pTHF2uPTx3
— Fabrizio Romano (@FabrizioRomano) July 27, 2023
എന്നാൽ ലൂയിസ് സുവാരസ് ഇന്റർ മിയാമിയിൽ ചേരാനുള്ള എല്ലാ സാധ്യതകളും താരത്തിന്റെ ക്ലബായ ഗ്രെമിയോയുടെ ബ്രസീലിയൻ പരിശീലകനായ റെനാറ്റോ പോർട്ടലുപ്പി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. ഡിസംബർ വരെ ലൂയിസ് സുവാരസ് ഗ്രെമിയോയിൽ തന്നെ തുടരുമെന്നും താരത്തിന്റെ സാന്നിധ്യം മൈതാനത്തും പുറത്തും ടീമിന് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സുവാരസ് തുടർന്നും ടീമിലുണ്ടാകുമെന്നാണ് പരിശീലകൻ പ്രതീക്ഷിക്കുന്നത്.
മെസിയും സുവാരസും വീണ്ടും ഒരുമിച്ച് കളിക്കാനുള്ള സാധ്യതകൾ ഇതോടെ മങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സുവാരസ് ഈ സീസണിന് ശേഷം വിരമിക്കാനുള്ള സാധ്യതയുണ്ട്. കാൽമുട്ടിനേറ്റ പരിക്ക് താരത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുവാരസ് വിരമിക്കുകയാണെങ്കിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന് വീണ്ടുമൊരുമിക്കില്ല, താരം തുടരാനാണ് തീരുമാനമെങ്കിൽ അടുത്ത സീസണിൽ സുവാരസ് ഇന്റർ മിയാമി താരമായിരിക്കും.
Suarez Wont Join With Messi In Inter Miami