ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് കളിക്കുന്ന കാലം വിദൂരമല്ല, പ്രതീക്ഷ നൽകുന്ന വാക്കുകളുമായി സുനിൽ ഛേത്രി | Sunil Chhetri
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ സ്വപ്നമാണ് ലോകകപ്പ് ടൂർണമെന്റിൽ കളിക്കുകയെന്നത്. ഐഎസ്എൽ പോലെയുള്ള ടൂർണമെന്റുകൾ വന്നതോടെ ഇന്ത്യയിലെ ഫുട്ബോൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയെ ലോകകപ്പ് ഫുട്ബോൾ കളിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
നിലവിൽ ഏഷ്യൻ കപ്പിൽ കളിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പ്രധാന താരങ്ങളിൽ പലരുമില്ലാതെ ടീം നടത്തിയ പ്രകടനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണെന്നും കൃത്യമായ സൗകര്യങ്ങളും പദ്ധതികളും ഉണ്ടെങ്കിൽ കരുത്തുറ്റ ടീമായി മാറാൻ കഴിയുമെന്നും അതിൽ നിന്നും വ്യക്തമാണ്.
🎙️ Sunil Chhetri: "The realistic target is to come first 10 in Asia and stay there. We all know that the next World Cup will have 7-8 teams from Asia. So, if we come in the top 10 and stay there, the World Cup dream is more reachable." 🇮🇳🐯 @sportstarweb #IndianFootball #SFtbl pic.twitter.com/HuDMQZsLB5
— Sevens Football (@sevensftbl) January 16, 2024
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് കളിക്കുന്ന കാലം വിദൂരമല്ലെന്ന് ടീമിന്റെ നായകനായ സുനിൽ ഛേത്രി തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യക്ക് വ്യക്തമായൊരു പദ്ധതിയുണ്ടെന്നും അതിലൂടെ കൃത്യമായി മുന്നോട്ടു പോയാൽ രാജ്യത്തിന് ലോകകപ്പിലേക്ക് എത്താൻ കഴിയുമെന്നും ഛേത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
“ഏഷ്യയിലെ ആദ്യത്തെ പത്ത് ടീമുകളിൽ ഒന്നാവുകയും അവിടെത്തന്നെ തുടരാൻ കഴിയുകയെന്നതുമാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമായി കാണുന്നത്. അടുത്ത ലോകകപ്പ് മുതൽ ഏഷ്യയിൽ നിന്നും എട്ടോ പത്തോ ടീമുകൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ആദ്യ പത്ത് ടീമുകളിൽ ഒന്നാവാന് കഴിഞ്ഞാൽ ലോകകപ്പിലെക്ക് എത്തുക എളുപ്പമാകും.” ഛേത്രി പറഞ്ഞു.
നിലവിൽ ലോകകപ്പിന്റെ യോഗ്യത റൗണ്ടിൽ രണ്ടു മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അതിൽ ഒരെണ്ണത്തിൽ വിജയം നേടിയെങ്കിലും അടുത്ത ലോകകപ്പിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ ഇന്ത്യക്കില്ല. എന്നാൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയാൽ ഇന്ത്യക്ക് 2030ൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാൻ കഴിയുമെന്നുറപ്പാണ്.
Sunil Chhetri About India World Cup Hopes