ഇന്ത്യക്കെതിരെ മലയാളി താരം ബൂട്ടു കെട്ടും, ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ ടീമിലിടം നേടി തഹ്‌സീൻ | Tahsin Jamshid

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനെതിരെ ബൂട്ടു കെട്ടാനൊരുങ്ങി മലയാളി താരം. ഇന്ത്യക്കെതിരെ മത്സരിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന്റെ സ്‌ക്വാഡിലാണ് മലയാളി താരമായ തഹ്‌സീൻ മൊഹമ്മദ് ജംഷിദ് ഇടം പിടിച്ചിരിക്കുന്നത്. ഇരുപത്തിയൊൻപതംഗ സ്‌ക്വാഡിലാണ് പതിനേഴു വയസ് മാത്രം പ്രായമുള്ള താരത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഖത്തറിന്റെ യൂത്ത് ടീമുകളിലും ഖത്തറിലെ പ്രധാന ലീഗായ സ്റ്റാർസ് ലീഗിലെ ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും നേരത്തെ ഇടം നെറ്റിയിട്ടുള്ളതിനു പിന്നാലെയാണ് തഹ്‌സീൻ ഖത്തർ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. അഫ്‌ഗാനിസ്ഥാൻ, ഇന്ത്യ എന്നിവർക്കെതിരെ ജൂണിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലാണ് താരവും ഉൾപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായാണ് മലയാളിയായ ഒരു ഫുട്ബോൾ താരം മറ്റൊരു രാജ്യത്തിന്റെ ദേശീയ ടീമിൽ ഇടം പിടിക്കുന്നത്. ഖത്തർ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് തഹ്സീന് അൽ ദുഹൈലിന്റെ സീനിയർ ടീമിലേക്ക് വിളി വരുന്നത്. മുൻ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ പരിശീലിപ്പിക്കുന്ന ടീമിൽ ബ്രസീൽ താരം കുട്ടീന്യോയുമുണ്ട്.

ഈ സീസണിൽ സ്റ്റാർസ് ലീഗിലെ നാല് മത്സരങ്ങളിലാണ് താരം ഇറങ്ങിയത്. ഇതിനു പുറമെ അമീർ കപ്പിലും ഒരു മത്സരത്തിൽ താരം ഇറങ്ങിയിരുന്നു. മുന്നേറ്റനിര താരമായി കളിക്കുന്ന തഹ്സീന് സീനിയർ ടീമിനൊപ്പം ഇതുവരെ ഗോളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും താരത്തിനു പ്രതിഭയുണ്ടെന്ന് ദേശീയ ടീമിൽ നിന്നുള്ള വിളി ലഭിച്ചതോടെ മനസിലാക്കാൻ കഴിയും.

കണ്ണൂർ വളപട്ടണം സ്വദേശിയായ ജംഷിദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സീൻ. ഖത്തറിൽ ജനിച്ചു വളർന്നതോടെയാണ് തഹ്സീന് അവിടുത്തെ പൗരത്വം ലഭിച്ചത്. ആസ്പെയർ സ്പോർട്ട്സ് അക്കാദമിയിൽ വളർന്ന തഹ്‌സീൻ നിലവിൽ പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. സൂപ്പർ താരങ്ങളുടെയും പരിശീലകന്റെയും കീഴിൽ വളർന്നു വരാൻ താരത്തിന് അവസരമുണ്ട്.

Tahsin Jamshid Included In Qatar Football Team