“ഏതു പൊസിഷനിലും മെസിക്ക് കളിക്കാം, 2026 ലോകകപ്പ് താരം കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- വെളിപ്പെടുത്തലുമായി എഎഫ്എ പ്രസിഡന്റ് | Messi

ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും അർജന്റീന നായകനായ ലയണൽ മെസി സ്വന്തമാക്കി. ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഉയരുകയും ചെയ്‌തു. തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും നിർണായക ഘട്ടങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തുകയും ചെയ്‌ത ലയണൽ മെസിയുടെ ലോകകപ്പിലെ പ്രകടനം ഓരോ ആരാധകനും ഒരിക്കലും മറക്കാൻ കഴിയില്ല.

തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് അർജന്റീനക്കായി ലയണൽ മെസി ലോകകപ്പിൽ മിന്നിത്തിളങ്ങിയത്. പ്രായത്തിലും ഫോമിൽ യാതൊരു വിധത്തിലുള്ള ഇടിവും കാണിക്കാതിരുന്ന താരം കാണികൾക്ക് വിരുന്നാണ് സമ്മാനിക്കുന്നത്. തന്നെ മനസിലാക്കി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടീം ഒപ്പമുണ്ടെങ്കിൽ ഇനിയും നേട്ടങ്ങൾ അർജന്റീനക്ക് നൽകാൻ മെസിക്ക് കഴിയുമെന്ന് ഉറപ്പുള്ളതിനാൽ അടുത്ത ലോകകപ്പിൽ മെസി കളിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ഇക്കാര്യം അഭിപ്രായപ്പെടുകയുണ്ടായി.

“ലയണൽ മെസി അടുത്ത ലോകകപ്പിലും കളിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുള്ള കാര്യമാണ്, താരം കളിക്കണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. തനിക്ക് ആവശ്യമുള്ള പൊസിഷനിൽ കളിക്കാമെന്ന രീതിയിലാണ് മെസിയെ ഞാനവിടെ കാണുന്നത്, താരത്തിനതിനു കഴിയുകയും ചെയ്യും. തനിക്കെന്താണ് ആവശ്യമെന്ന് മെസി ചിന്തിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം. പക്ഷെ മെസി കളിക്കണമെന്നത് എന്റെ സ്വപ്‌നമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” കഴിഞ്ഞ ദിവസം ക്ലൗഡിയോ ടാപ്പിയ പറഞ്ഞു.

അതേസമയം അടുത്ത ലോകകപ്പിൽ താൻ ഉണ്ടാകുമോയെന്ന കാര്യത്തിൽ ലയണൽ മെസി യാതൊരു വിധത്തിലുള്ള ഉറപ്പും നൽകാൻ തയ്യാറായിട്ടില്ല. മുപ്പത്തിയൊമ്പതാം വയസിൽ ശരീരം അനുവദിക്കുമെന്ന ഉറപ്പില്ലാത്തതിനാൽ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ലയണൽ മെസി പ്രതികരിച്ചിട്ടുള്ളത്. എന്നാൽ തന്റെ മികവും ഫിറ്റ്നസും നിലനിർത്താൻ കഴിഞ്ഞാൽ അടുത്ത ലോകകപ്പിലും താരം ഉണ്ടാകുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും.

Tapia Backs Messi To Play 2026 World Cup