റയൽ മാഡ്രിഡിനായി എല്ലാം നേടിക്കൊടുത്തിട്ടും അർഹിച്ച ആദരവ് നേടാനാവാത്ത ഗാരെത് ബേൽ

അഞ്ചു ചാമ്പ്യൻസ് ലീഗ്, മൂന്നു ലാ ലിഗ, ഒരു കോപ്പ ഡെൽ റേ. റയൽ മാഡ്രിഡിനൊപ്പം വെയിൽസ്‌ താരമായ ഗാരെത് ബേൽ സ്വന്തമാക്കിയ നേട്ടങ്ങൾ ഒട്ടും ചെറുതല്ല. 2021-22 സീസണിൽ സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും കാര്യമായ പങ്കു വഹിച്ചില്ലെങ്കിലും മറ്റുള്ള നേട്ടങ്ങളിൽ പലതും സ്വന്തമാക്കാൻ നിർണായകമായ പ്രകടനം ബേൽ കാഴ്‌ച വെച്ചിട്ടുണ്ട്. 2014 കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്‌സക്കെതിരെ നേടിയ ഗോളും 2018ൽ ലിവര്പൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ബൈസിക്കിൾ കിക്ക് അടക്കമുള്ള രണ്ടു ഗോളുകളും ആരാധകർ ഒരിക്കലും മറക്കില്ല. എന്നാൽ റയൽ മാഡ്രിഡ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ ഒരിക്കലും ഗാരെത് ബേലിനു കഴിഞ്ഞിട്ടില്ല.

ടോട്ടനം ഹോസ്‌പറിൽ മിന്നുന്ന പ്രകടനം നടത്തി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന സമയത്താണ് 2013ൽ റയൽ മാഡ്രിഡ് ഗാരെത് ബേലിനെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ആ സമയത്തെ ലോകറെക്കോർഡ് ട്രാൻസ്‌ഫർ തുക നൽകിയാണ് ബേൽ ലോസ് ബ്ലാങ്കോസിന്റെ കുപ്പായമണിഞ്ഞത്. എന്നാൽ പ്രതീക്ഷിച്ചതു പോലൊരു സമയമല്ല റയലിൽ വെയിൽസ്‌ താരത്തിനുണ്ടായത്. അതിനു കാരണം നിരന്തരമായുണ്ടായ പരിക്കുകളും. എന്നാൽ സ്പെയിനിൽ ബാഴ്‌സലോണ ആധിപത്യം പുലർത്തിയിരുന്ന ഒരു കാലത്തിൽ നിന്നും യൂറോപ്പിലെ രാജാക്കന്മാരായി റയൽ മാഡ്രിഡിനെ അവരോധിച്ചതിൽ ഒരു നിർണായക പങ്ക് ബേലിനുമുണ്ടായിരുന്നു.

Gareth Bale Announces His Retirement From Football

ബാഴ്‌സലോണയുടെ വിഖ്യാതമായ എംഎസ്എൻ ത്രയത്തിനു ബദലായി ഉയർന്നു വന്ന റയൽ മാഡ്രിഡിന്റെ ബിബിസി ത്രയത്തിൽ പരിക്കുകൾ വേട്ടയാടുമ്പോഴും ബേൽ പ്രധാനിയായിരുന്നു. 2014 ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ അപ്രതീക്ഷിത തിരിച്ചു വരവ് കണ്ട ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ എക്‌സ്ട്രാ ടൈമിൽ ഒരു ഗോൾ നേടി റയൽ മാഡ്രിഡിന്റെ വിജയമുറപ്പിക്കാൻ സഹായിച്ചത് ബേൽ ആയിരുന്നു. ആ വർഷം തന്നെ താരം കോപ്പ ഡെൽ റേ ഫൈനലിൽ നേടിയ ഗോൾ റയൽ മാഡ്രിഡ് ആരാധകരും ബാഴ്‌സലോണ ആരാധകരും ഒരിക്കലും മറക്കില്ല. ബേലിന്റെ വേഗതക്കു മുന്നിൽ ബാഴ്‌സ ഡിഫൻഡർ മാർക് ബാത്ര നിഷ്പ്രഭനായി മാറിയ ആ ഗോളിന്റെ പേരിൽ ഇപ്പോഴും സ്‌പാനിഷ്‌ താരം ട്രോൾ ഏറ്റു വാങ്ങുന്നുണ്ട്.

2018 ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ഗാരെത് ബേൽ ശരിക്കും ഹീറോയായത്. അതുവരെ ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നെങ്കിലും ഫൈനലിലെ താരം ബേലായിരുന്നു. ലിവർപൂളിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന ആ സീസണിൽ ലോറിസ് കാരിയസിന്റെ പിഴവിൽ നിന്നും സ്‌കോർ ചെയ്‌ത ഒരു ലോങ്ങ് റേഞ്ചറും അതിനു പുറമെ അതിമനോഹരമായ ഒരു ബൈസിക്കിൾ കിക്ക് ഗോളും താരം നേടി. ആ ഫൈനലിനു ശേഷം റയൽ മാഡ്രിഡ് ആരാധകരുടെ ഹീറോയായി ബേൽ ചർച്ച ചെയ്യപ്പെടേണ്ട സമയമായിരുന്നെങ്കിലും അതിനു പിന്നാലെ റൊണാൾഡോ റയൽ വിടുകയാണെന്നു പ്രഖ്യാപിച്ചത് പോർച്ചുഗൽ താരത്തിലേക്ക് മുഴുവൻ ശ്രദ്ധയും കൊണ്ടു പോയി.

Gareth Bale Real Madrid

റയൽ മാഡ്രിഡിന് ഒഴിവാക്കാൻ താൽപര്യമുണ്ടായിട്ടും ക്ലബിൽ തന്നെ കടിച്ചു തൂങ്ങി കിടന്നതാണ് ആരാധകർ ബേലിനെതിരെ പൂർണമായും തിരിയാൻ കാരണം. അതിനു പുറമെ ഗോൾഫ് കളിയോടുള്ള പ്രിയവും അതിന്റെ പേരിൽ റയൽ മാഡ്രിഡിനെ കളിയാക്കുന്ന തരത്തിലുള്ള ചാന്റുകൾ വന്നതുമെല്ലാം ആരാധകർ താരത്തിനെതിരെ തിരിയാൻ കാരണമായി. റയൽ മാഡ്രിഡിന്റെ മത്സരങ്ങളിൽ ഇടമില്ലാത്ത സാഹചര്യം നേരിടേണ്ടി വന്ന താരം ബെഞ്ചിൽ മുഖം മൂടി ഇരിക്കുന്നതും ഫോണിൽ ഗോൾഡ് മത്സരം കാണുന്നതുമെല്ലാം ആരാധകരുടെ രോഷം വർധിപ്പിച്ചു. താരം മൈതാനത്ത് ഇറങ്ങുമ്പോൾ കൂക്കുവിളികൾ നേരിടേണ്ടി വന്നു.

റയൽ മാഡ്രിഡിൽ നിന്നും തന്റെ മുൻ ക്ലബായ ടോട്ടനം ഹോസ്പേറിലേക്ക് ലോണിൽ ചേക്കേറിയെങ്കിലും അവിടെ തുടരാൻ ബേൽ തയ്യാറായില്ല. കരാർ അവസാനിക്കുന്നതു വരെ റയൽ മാഡ്രിഡിൽ തുടർന്ന താരത്തിന്റെ സിവിയിലേക്ക് കഴിഞ്ഞ സീസണിലെ ലാ ലിഗയും ചാമ്പ്യൻസ് ലീഗും കൂടി എഴുതിച്ചേർക്കപ്പെട്ടു. 2013 മുതൽ 2022 വരെയുള്ള ഒൻപതു വർഷത്തിനിടയിൽ 258 മത്സരങ്ങൾ മാത്രം കളിച്ച ബേൽ 106 ഗോളുകളും 57 അസിസ്റ്റുകളുമെന്ന മികച്ച നമ്പർ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ റയൽ മാഡ്രിഡിൽ അർഹിക്കുന്ന ആദരവ് താരത്തിന് ലഭിച്ചിട്ടില്ല. റയൽ മാഡ്രിഡ് കരാർ അവസാനിച്ച് അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ താരം 33ആം വയസിൽ കളിയവസാനിപ്പിച്ചപ്പോൾ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ച ഒരാൾ കൂടി മൈതാനം വിട്ടു പോവുകയാണ്.