സൂപ്പർതാരത്തിന് മൂന്നു ക്ലബുകളിൽ നിന്നും ഓഫർ, വമ്പൻ തുക നൽകണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ പരിശീലകൻ കൊച്ചിയിൽ എത്തുകയും അതിനു ശേഷം ടീം തായ്‌ലൻഡിലേക്ക് പ്രീ സീസൺ മത്സരങ്ങൾക്കായി പോവുകയും ചെയ്യും. പരിചയസമ്പത്തുള്ള പുതിയ മാനേജർക്ക് കീഴിൽ മികച്ചൊരു സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു വേണ്ടി മറ്റു പല ക്ലബുകളും ഓഫറുമായി രംഗത്തു വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട പേരുകളിലൊന്ന് മധ്യനിരയിലെ സൂപ്പർതാരമായ ജിക്‌സൻ സിങാണ്. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നത് പ്രകാരം താരത്തിനായി മൂന്ന് ഐഎസ്എൽ ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്.

ഇരുപത്തിമൂന്നുകാരനായ ജിക്‌സൻ സിംഗിന് കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. താരത്തെ വാങ്ങണമെങ്കിൽ വമ്പൻ തുക നൽകണമെന്ന നിലപാടാണ് ബ്ലാസ്റ്റേഴ്‌സിനുള്ളതെന്ന് മാർക്കസ് വ്യക്തമാക്കുന്നു. ജിക്‌സണിന്റെ ഭാവി എന്താകുമെന്ന് വ്യക്തമാകാൻ കുറച്ചു സമയമെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന ചുരുക്കം ചില ഇന്ത്യൻ താരങ്ങളിലൊരാളാണ് ജിക്‌സൻ സിങ്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം സീസണിൽ നിരവധി മത്സരങ്ങൾ താരത്തിന് നഷ്‌ടമായിരുന്നു. നിലവിലെ സാഹചര്യം നോക്കുമ്പോൾ മികച്ച ട്രാൻസ്‌ഫർ ഫീസ് ലഭിച്ചാൽ ജിക്‌സണെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന് തന്നെ വേണം കരുതാൻ.

അടുത്ത സീസണിലേക്കായി ഏതാനും ഇന്ത്യൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഗോൾകീപ്പർമാരായ സോം കുമാർ, നോറ ഫെർണാണ്ടസ് വിങ്ങറായ ലാൽത്താൻമാവിയ, ഡിഫെൻഡറായ ലിക്മബാം രാകേഷ് എന്നിവരെയാണ് ടീമിലേക്ക് ഇതുവരെ എത്തിച്ചിട്ടുള്ളത്. ഇതുവരെ ഒരു വിദേശ സൈനിങ്‌ പോലും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല.