ലയണൽ മെസിയുടെ പാത പിന്തുടർന്ന് ടോണി ക്രൂസ്, നേടാൻ ഇനിയൊരു കിരീടം കൂടി ബാക്കിയാണ് | Toni Kroos

അമ്പരപ്പിക്കുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഫുട്ബോൾ താരമാണ് ടോണി ക്രൂസ്. ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് എന്നിവർക്കൊപ്പം ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരം അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ജർമൻ ദേശീയ ടീമിനൊപ്പം ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ടോണി ക്രൂസ് ഇനി നേടാൻ ബാക്കിയുള്ള ഒരു പ്രധാന കിരീടം യൂറോ കപ്പാണ്.

2024 യൂറോ കപ്പ് ജർമനിയിൽ വെച്ച് നടക്കുമ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ വക നൽകി ടോണി ക്രൂസ് തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താൻ ദേശീയ ടീമിലേക്ക് മടങ്ങി വരികയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നിലവിലെ ജർമൻ പരിശീലകനായ നെഗൽസ്‌മാന്റെ ഇടപെടലാണ് താരത്തെ ദേശീയ ടീമിലേക്ക് വീണ്ടുമെത്തിച്ചത്.

2021ലാണ് ക്രൂസ് ദേശീയ ടീമിൽ നിന്നും വിരമിക്കുന്നത്. 2020 യൂറോ കപ്പിൽ ജർമനിയുടെ പ്രകടനം വളരെ മോശമായിരുന്നു. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് ടീം പുറത്തായി. അതിനു പിന്നാലെ ക്രൂസ് അടക്കമുള്ള താരങ്ങൾക്കെതിരെ വിമർശനം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടി ക്രൂസ് ദേശീയ ടീമിൽ നിന്നും പുറത്തു പോവാൻ തീരുമാനിച്ചത്.

ക്രൂസിന്റെ തിരിച്ചുവരവ് ലയണൽ മെസിയുടെ തിരിച്ചു വരവിനോട് പലരും സാമ്യപ്പെടുത്തുന്നുണ്ട്. 2016 കോപ്പ അമേരിക്കക്ക് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മെസി തീരുമാനം പിൻവലിച്ചു തിരിച്ചു വന്ന് ദേശീയ ടീമിനായി സാധ്യമായ നേട്ടങ്ങളെല്ലാം പിന്നീട് സ്വന്തമാക്കി. സമാനമായ രീതിയിൽ നേടാൻ ബാക്കിയുള്ള കിരീടം സ്വന്തമാക്കാൻ ക്രൂസിനും കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദേശീയടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയെങ്കിലും ക്ലബ് തലത്തിൽ മികച്ച പ്രകടനമാണ് ടോണിക്രൂസ് നടത്തുന്നത്. നിലവിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിന് പിന്നിലെ ഒരു നിർണായകമായ സാന്നിധ്യമാണ് ടോണി ക്രൂസ്. അതുകൊണ്ടു തന്നെ താരത്തിന്റെ തിരിച്ചുവരവ് ജർമൻ ദേശീയ ടീമിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

Toni Kroos Come Out Of International Retirement