ആരാധകർ കൈവിട്ടു തുടങ്ങിയെന്നു മനസിലായി, പ്രധാന താരങ്ങളെ ഒന്നൊന്നായി ബ്ലാസ്റ്റേഴ്‌സ് നേതൃത്വം കളത്തിലിറക്കുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചതു മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ മാത്രമാണ് ലഭിച്ചത്. സൂപ്പർകപ്പിൽ തുടങ്ങിയ ടീമിന്റെ മോശപ്പെട്ട പ്രകടനം ഐഎസ്എൽ ആരംഭിച്ചപ്പോഴും തുടർന്നു. രണ്ടു ടൂർണമെന്റുകളിലുമായി അവസാനം നടന്ന അഞ്ചു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതോടെ ടീമിലുള്ള പ്രതീക്ഷകൾ ഇല്ലാതായിത്തുടങ്ങിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം തുടരുന്നതിനാൽ ആരാധകപിന്തുണയിലും കാര്യമായ ഇടിവ് സംഭവിക്കുന്നുണ്ട്. തോൽവികൾ കാണാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു വരുന്നില്ലെന്നാണ് കഴിഞ്ഞ കളിക്ക് ശേഷം ആരാധകരിൽ പലരും പറയുന്നത്. അതുകൊണ്ടു തന്നെ എഫ്‌സി ഗോവക്കെതിരെ നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേസമയം ആരാധകർ മത്സരത്തിനെത്താൻ വേണ്ടി സീസണിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നത്. ടീമിന്റെ ഒഫീഷ്യൽ പേജുകൾ വഴി ആരാധകരോട് ടിക്കറ്റ് എടുക്കാനുള്ള അഭ്യർത്ഥന വീഡിയോ സന്ദേശങ്ങളായി അവർ നൽകുന്നുണ്ട്. ഇതിനായി ടീമിലെ പ്രധാന താരങ്ങളിൽ പലരെയും അവർ ഉപയോഗിക്കുകയും ചെയ്യുന്നു.

അഡ്രിയാൻ ലൂണയാണ് ആദ്യത്തെ സന്ദേശവുമായി എത്തിയത്. അതിനു ശേഷം ഇവാൻ വുകോമനോവിച്ച്, ദിമിത്രിയോസ്, ഡ്രൈഞ്ചിച്ച്, സച്ചിൻ സുരേഷ്, ഇഷാൻ പണ്ഡിറ്റ തുടങ്ങി മറ്റു നിരവധി താരങ്ങളും വീഡിയോ സന്ദേശവുമായി വന്നു. എല്ലാവരും കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് എത്താനും ടീമിന് പിന്തുണ നൽകാനുമാണ് ആവശ്യപ്പെടുന്നത്.

മോശം ഫോം കാരണം ആരാധകരോഷം ടീമിനെതിരെ ശക്തമാകുന്ന സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ ഈ നീക്കം. നിലവിലെ സാഹചര്യത്തിൽ ടീമിന് കൂടുതൽ പിന്തുണ വേണമെന്നതും ശരിയായ കാര്യം തന്നെയാണ്. എങ്കിൽ മാത്രമേ താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനും നിലവിലെ മോശം ഫോമിനെ മറികടക്കാനും കഴിയുകയുള്ളൂ.

Kerala Blasters Stars Request Fans To Be At The Stadium