ലോകകപ്പ് സ്വന്തമാക്കുക ലക്‌ഷ്യം, ദേശീയടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗ്വാർഡിയോള | Pep Guardiola

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള. ആക്രമണത്തിന് ഊന്നൽ കൊടുത്ത് മനോഹരമായ ഫുട്ബോൾ കളിക്കുന്നതിനു പ്രാധാന്യം നൽകുന്നതിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഇതുവരെ പരിശീലിപ്പിച്ച ബാഴ്‌സലോണ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കൊപ്പമെല്ലാം വമ്പൻ നേട്ടങ്ങളാണ് ഗ്വാർഡിയോള സ്വന്തമാക്കിയിട്ടുള്ളത്.

നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള കഴിഞ്ഞ സീസണിൽ അവരെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും ഗ്വാർഡിയോളയും തമ്മിലുള്ള കരാർ 2025ൽ അവസാനിക്കാൻ പോവുകയാണ്. കരാർ അതിനു ശേഷം പുതുക്കാനുള്ള സാധ്യതയില്ലെന്ന സൂചന നൽകി ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം ഗ്വാർഡിയോള വെളിപ്പെടുത്തിയിരുന്നു.

“ദേശീയ ടീമിനെ പരിശീലിപ്പിക്കൽ? യൂറോപ്യൻ ചാമ്പ്യൻഷിപ്പിനോ ലോകകപ്പിനോ വേണ്ടി ഒരു ദേശീയ ടീമിനെ പരിശീലിപ്പിയ്ക്കാൻ എനിക്കാഗ്രഹമുണ്ട്, ഞാനത് വളരെയധികം ഇഷ്‌ടപ്പെടുന്നു. ആർക്കാണ് എന്നെ ആവശ്യം വരികയെന്ന് എനിക്കറിയില്ല. ഒരു ദേശീയ ടീമിന്റെ പരിശീലകനായിരിക്കണമെങ്കിൽ ക്ലബുകളിൽ ഉള്ളതുപോലെ തന്നെ അവർക്ക് നിങ്ങളെ ആവശ്യമുണ്ടാകണം.” ഗ്വാർഡിയോള പറഞ്ഞു.

അടുത്ത ലോകകപ്പ് നടക്കാൻ പോകുന്നത് 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ വെച്ചാണ്. ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിച്ച് ഒരു വർഷം കഴിയുമ്പോഴാണ് ലോകകപ്പ് ടൂർണമെന്റ് നടക്കുക. അദ്ദേഹത്തിന്റെ കരാർ പുതുക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുകയെങ്കിലും തന്റെ ഭാവിയെക്കുറിച്ച് പെപ് എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

അതേസമയം ഗ്വാർഡിയോളയുടെ ഈ വാക്കുകൾ ഒരുപാട് ദേശീയടീമുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. പ്രധാനമായും ബ്രസീൽ ആരാധകർക്കാണ് ഇത് ആവേശം നൽകുന്നത്. ബ്രസീലിന്റെ പുതിയ പരിശീലകനായി ആദ്യം പരിഗണിച്ചിരുന്നത് പെപ് ഗ്വാർഡിയോളയെ ആയിരുന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാനാണു അദ്ദേഹം തീരുമാനിച്ചത്. കരാർ അവസാനിച്ചാൽ അദ്ദേഹം ബ്രസീലിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

Pep Guardiola Wants To Train A National Team