അവസാനദിവസം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ടീമിലുള്ളവരെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയും
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ജീസസ് ജിമിനസിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് അർജന്റീന താരമായ ഫിലിപ്പെ പാസാദോറിനു വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അവസാന ദിവസം സൈനിങ് പ്രഖ്യാപിച്ചേക്കുമെന്നെല്ലാം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനു പുറമെ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്നലെ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചപ്പോൾ പുതിയൊരു താരം പോലും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള സ്‌ക്വാഡിൽ പുതിയ താരമായ ജിമിനസിനെ മാത്രമേ പുതിയതായി പ്രതീക്ഷിക്കാൻ കഴിയൂ.
🥇💣 Kerala Blasters tried to loan out Kwame Peprah to any club that is required of a player like him. They have even offered the player to some clubs in the previous hours. There aren't many teams available to accommodate a profile of his nature. @rejintjays36 #KBFC pic.twitter.com/8AppMyM95T
— KBFC XTRA (@kbfcxtra) August 30, 2024
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലും പുതിയ താരങ്ങൾ എത്തിയില്ല എന്നതിനൊപ്പം നിലവിൽ ടീമിലുള്ള താരങ്ങളെ ഒഴിവാക്കാനും ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. അവസാന ദിവസങ്ങളിൽ ക്വാമേ പെപ്ര, ജോഷുവ സോട്ടിരിയോ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.
ആറു വിദേശതാരങ്ങളെ മാത്രമേ ഒരു ടീമിന് ഐഎസ്എല്ലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ ജിമിനസ് കൂടി എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിലുള്ള വിദേശതാരങ്ങളുടെ എണ്ണം ഏഴായിട്ടുണ്ട്. ഇതിൽ സോട്ടിരിയോ അല്ലെങ്കിൽ പെപ്ര എന്നിവരിൽ ഒരാളെയാകും ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്യാതിരിക്കുക. എന്നാൽ കരാറുള്ള താരങ്ങൾക്ക് ക്ലബ് പ്രതിഫലം നൽകേണ്ടി വരും.
ഉപയോഗിക്കാൻ കഴിയാത്ത താരങ്ങൾക്ക് പ്രതിഫലം നൽകേണ്ടി വരുന്ന സാഹചര്യമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിടുന്നത്. ഇത് ക്ലബിന്റെ പ്രവർത്തനങ്ങളിൽ സംഭവിച്ച പാളിച്ചകൾ വ്യക്തമാക്കുന്നു. അതിനു പുറമെ ടീമിന് ആവശ്യമുള്ള പൊസിഷനിലേക്ക് മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.