വെടിച്ചില്ലു ഗോളുകൾ നേടി തകർപ്പൻ ജയം, അർജന്റൈൻ പരിശീലകന്റെ യുറുഗ്വായെ ഭയന്നേ മതിയാകൂ

ഇത്തവണ കോപ്പ അമേരിക്ക കിരീടം ഉയർത്താനുള്ള എല്ലാ കരുത്തും തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കി അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസയുടെ യുറുഗ്വായ് കോപ്പ അമേരിക്കയിൽ തുടക്കം കുറിച്ചു. കുറച്ചു മുൻപ് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പനാമയെയാണ് യുറുഗ്വായ് ആദ്യത്തെ മത്സരത്തിൽ കീഴടക്കിയത്.

മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ മാക്‌സിമിലിയാനോ അരഹോയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ബോക്‌സിന്റെ എഡ്‌ജിൽ നിന്നുള്ള ഒരു ഷോട്ട് താരം വലയിലെത്തിച്ചത് അവിശ്വസനീയമായ രീതിയിലായിരുന്നു. പിന്നീട് എൺപത്തിയഞ്ചാം മിനുട്ടിനു ശേഷമാണ് മത്സരത്തിലെ ബാക്കിയുള്ള മൂന്ന് ഗോളുകളും പിറന്നത്.

എൺപത്തിയഞ്ചാം മിനുട്ടിൽ ഡാർവിൻ നുനസാണ്‌ ഒരു ഹാഫ് വോളിയിൽ യുറുഗ്വായുടെ ലീഡ് ഉയർത്തിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ആദ്യത്തെ ഗോളിനു അസിസ്റ്റ് നൽകിയ മാറ്റിയാസ് വിനയും ഗോൾ കുറിച്ചു. മത്സരത്തിന്റെ അവസാനത്തെ മിനുട്ടിലാണ് പനാമ ആശ്വാസഗോൾ നേടുന്നത്. മുറിയ്യോ ബോക്‌സിന് പുറത്തു നിന്നും നേടിയ ഗോളും ഗംഭീരമായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനെയും അർജന്റീനയെയും കീഴടക്കിയ ടീമാണ് യുറുഗ്വായ്. മാഴ്‌സലോ ബിയൽസ പരിശീലകനായി എത്തിയതിനു ശേഷം അവരുടെ ഫോം അവിശ്വസനീയമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിലെ പ്രകടനം അവരെ കിരീടത്തിന് ഏറ്റവുമധികം സാധ്യതയുള്ള ടീമാക്കി മാറ്റുന്നു.

അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസ ഒരുപാട് പേർ മാതൃകയാക്കുന്ന ഫുട്ബോൾ മാനേജറാണ്. അദ്ദേഹത്തിന്റെ ശൈലിക്ക് അനുയോജ്യമായ ഒരു കൂട്ടം താരങ്ങൾ യുറുഗ്വായിലുണ്ട്. അടുത്ത മത്സരത്തിൽ ബൊളീവിയയെയും അതിനു ശേഷം അമേരിക്കയെയും നേരിടാനിരിക്കുന്ന യുറുഗ്വായ് ഉറച്ച ആത്മവിശ്വാത്തിലാണുള്ളത്.