പതിനഞ്ചു വർഷത്തേക്ക് കരാർ നൽകൂ, ഒപ്പിടാൻ ഞാൻ തയ്യാറാണ്; അർജന്റീനയിൽ തന്നെ തുടരുമെന്നു പ്രഖ്യാപിച്ച് സ്‌കലോണി

കോപ്പ അമേരിക്ക ടൂർണമെന്റിൽ കൊളംബിയയെ കീഴടക്കി കിരീടം നേടിയതിനു പിന്നാലെ അർജന്റീന ടീമിനൊപ്പം ഇനിയും തുടരുമെന്ന് വ്യക്തമാക്കി ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി. കോപ്പ അമേരിക്കക്ക് ശേഷം ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാണ് സ്‌കലോണിക്ക് അർജന്റീന പരിശീലകസ്ഥാനത്തു തുടരാൻ ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരുമായുള്ള അസ്വാരസ്യമാണെന്നും ലയണൽ മെസിയുമായുള്ള പ്രശ്‌നമാണെന്നും എല്ലാം അതിനു പിന്നാലെ വാർത്തകൾ വന്നിരുന്നു.

അതിനു ശേഷമാണ് കോപ്പ അമേരിക്ക ടൂർണമെന്റ് വരെ മാത്രമേ അർജന്റീനക്കൊപ്പം സ്‌കലോണി ഉണ്ടാവുകയുള്ളൂ എന്ന റിപ്പോർട്ടുകൾ ശക്തമായത്. എന്നാൽ കൊളംബിയക്കെതിരെ നടന്ന മത്സരത്തിന് ശേഷം ആ അഭ്യൂഹങ്ങളെ മുഴുവൻ തള്ളിക്കളയുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴൊന്നും അർജന്റീന വിടാൻ അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലെന്ന് അതിൽ നിന്നും വ്യക്തമാണ്.

“എനിക്കിനിയും രണ്ടു വർഷം കൂടി അർജന്റീനയുമായി കരാർ ബാക്കിയുണ്ട്. എനിക്ക് പതിനഞ്ചു വർഷത്തേക്കുള്ള കരാർ നൽകാൻ പ്രസിഡന്റിനോട് പറയൂ. ഞാൻ ഒപ്പിടാൻ തയ്യാറാണ്.” സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീന ടീമിനൊപ്പം അടുത്ത ലോകകപ്പ് വരെയെങ്കിലും എന്തായാലും ഉണ്ടാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

സ്‌കലോണി പരിശീലകനായതിനു ശേഷം സാധ്യമായ അഞ്ചു കിരീടങ്ങളിൽ നാലെണ്ണവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ കോപ്പ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിയാതെ പോയത്. മികച്ച തന്ത്രജ്ഞനായ അദ്ദേഹത്തെ പറ്റാവുന്നത്രയും കാലം അർജന്റീന ടീമിൽ നിലനിർത്തണമെന്നാണ് ഓരോ ആരാധകനും ആഗ്രഹിക്കുന്നത്.