അർജന്റീനക്കും ബ്രസീലിനും ഇനി എളുപ്പമാകില്ല, കോപ്പ അമേരിക്കയിൽ വമ്പൻ മാറ്റം

2024ൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. സൗത്ത് അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രമാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തിരുന്നതെങ്കിൽ അടുത്ത തവണ നോർത്ത് അമേരിക്കയിൽ നിന്നുള്ള ടീമുകളും കോപ്പ അമേരിക്കയിൽ കളിക്കും. യുഎസ്എയിൽ വെച്ചാണ് 2024 വർഷത്തെ കോപ്പ അമേരിക്ക നടക്കുക. ഇതിനു പുറമെ കോൺമെബോൾ, കോൺകാഫ് ഫെഡറേഷനുകൾ തമ്മിലുള്ള പങ്കാളിത്തവും തീരുമാനിച്ചിട്ടുണ്ട്.

ടൂർണ്ണമെന്റിൽ പതിനാറു ടീമുകൾ മത്സരിക്കുന്നതിൽ പത്തെണ്ണം സൗത്ത് അമേരിക്കയിൽ നിന്നുമുള്ളതാകും. അതിനു പുറമെ കോൺകാഫ് മേഖലയിൽ നിന്നുള്ള ആറു ടീമുകളും ടൂർണ്ണമെന്റിനുണ്ടാകും. ബ്രസീൽ, അർജന്റീന, ഉറുഗ്വ, ചിലി, കൊളംബിയ, വെനിസ്വേല, ബൊളീവിയ, പരാഗ്വ, പെറു, ഇക്വഡോർ തുടങ്ങിയ ക്ലബുകളാണ് സൗത്ത് അമേരിക്കയിൽ നിന്നും ഉണ്ടാവുക. നോർത്ത് അമേരിക്കയിൽ നിന്നുള്ള ടീമുകൾ ഏതൊക്കെയാണെന്ന് പിന്നീടാണ് വ്യക്തമാവുക.

കോൺകാഫിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അതിഥികളായി ക്ഷണം കിട്ടുന്ന ടീമുകളും അടുത്ത കോപ്പ അമേരിക്കയിൽ കളിയ്ക്കാൻ സാധ്യതയുണ്ട്. ഇത് രണ്ടു ഫെഡറേഷനുകളും ചേർന്ന് ക്ഷണം നടത്തുന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇതിനു പുറമെ കോൺകാഫ് ഗോൾഡ് കപ്പിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള നാല് ടീമുകളെ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഏതൊക്കെ ടീമുകളെയാണ് ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

കോൺമെബോളും കോൺകാഫും ചേർന്ന് പുതിയൊരു ക്ലബ് ചാമ്പ്യൻഷിപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2024 മുതൽ ഇതിനു തുടക്കമാകും. രണ്ടു ഫെഡറേഷനുകളിലെ മികച്ച രണ്ടു ടീമുകൾ ചേർന്ന ചെറിയൊരു ടൂർണമെന്റ് ആണ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. രണ്ടു ഫെഡറേഷനുകളും തമ്മിൽ ഒരുമിച്ചത് കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരമൊരുക്കും. സൗത്ത് അമേരിക്കയിൽ ബ്രസീലിനും അർജന്റീനക്കുമുള്ള ആധിപത്യത്തിനും ഇത് അവസാനം കുറിച്ചേക്കാം.