ഏറ്റവും മികച്ച താരമായി ലയണൽ മെസി, റൊണാൾഡോ ആദ്യ അമ്പതു സ്ഥാനങ്ങളിൽ പോലുമില്ല

ലയണൽ മെസിയെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണാണ് കടന്നു പോകുന്നത്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തിയതിനു ശേഷം ലോകകപ്പിൽ എത്തിയ താരം ടൂർണമെന്റിലെ താരമായി അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. കരിയറിൽ നേടാൻ ബാക്കിയുണ്ടായിരുന്ന പ്രധാന കിരീടമായ ലോകകപ്പ് കൂടി സ്വന്തമാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലെ തന്റെ സ്ഥാനം മെസി ഊട്ടിയുറപ്പിക്കുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ലയണൽ മെസിയെ കഴിഞ്ഞ ദിവസം മറ്റൊരു നേട്ടം കൂടി തേടിയെത്തി. പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ 2022ലെ ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ലയണൽ മെസിയാണ് ഒന്നാം സ്ഥാനത്തു വന്നത്. 206 പേർ വോട്ടു ചെയ്‌തപ്പോൾ അതിൽ 156 പേരും മെസിയെയാണ് തിരഞ്ഞെടുത്തത്. 76 ശതമാനം വോട്ടുകൾ ലയണൽ മെസി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എംബാപ്പെക്ക് 13ഉം മൂന്നാം സ്ഥാനം നേടിയ കരിം ബെൻസിമ 10 ശതമാനം വോട്ടുമാണ് നേടിയത്.

ലയണൽ മെസിക്കൊപ്പം ലോകം വാഴ്ത്തിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നേട്ടത്തിൽ വളരെയധികം പുറകോട്ടു പോയി. പട്ടികയിൽ അൻപത്തിയൊന്നാം സ്ഥാനമാണ് റൊണാൾഡോക്ക് ലഭിച്ചത്. പട്ടികയിൽ ഇടം പിടിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് റൊണാൾഡോക്ക് ആദ്യ പത്തിൽ ഇടം നേടാനാവാതിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്‌കോറർ ആയിരുന്ന റൊണാൾഡോ ഈ സീസണിന്റെ തുടക്കം മുതൽ മോശം പ്രകടനം നടത്തുന്നതാണ് താരത്തിന്റെ റാങ്കിങ് വീഴാൻ കാരണമായത്.

ലയണൽ മെസിക്ക് പുറമെ പത്ത് അർജന്റീന താരങ്ങൾ കൂടി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എങ്കിലും പതിമൂന്നും പന്ത്രണ്ടും വീതം താരങ്ങൾ ഇടം പിടിച്ച ബ്രസീൽ, ഫ്രാൻസ് ടീമുകൾക്ക് പിന്നിലാണ് അർജന്റീനയുള്ളത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലിസ്റ്റിലുള്ളത്. പന്ത്രണ്ടു താരങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വന്നപ്പോൾ റയൽ മാഡ്രിഡിൽ നിന്നും പതിനൊന്നു കളിക്കാർ ലിസ്റ്റിലുണ്ട്. പ്രീമിയർ ലീഗിൽ നിന്നും 43 താരങ്ങളുള്ളപ്പോൾ 19 ലാ ലിഗ താരങ്ങൾ മാത്രമേ ലിസ്റ്റിലുള്ളൂ.