ചെൽസിയെ രക്ഷിക്കാൻ മൗറീന്യോ, സാധ്യതകൾ വർധിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. രണ്ടു തവണയായി അഞ്ചു വർഷത്തോളം ചെൽസിയുടെ മാനേജരായിരുന്ന അദ്ദേഹം രണ്ടു തവണയും പ്രീമിയർ ലീഗ് കിരീടം ക്ലബിന് സ്വന്തമാക്കി നൽകി. മൊത്തം മൂന്നു തവണ പ്രീമിയർ ലീഗ് ചെൽസിക്ക് സ്വന്തമാക്കി നൽകിയിട്ടുള്ള മൗറീന്യോ എട്ടു കിരീടങ്ങളാണ് ചെൽസി ക്ലബിന്റെ മാനേജരായി നേടിയിട്ടുള്ളത്. ചെൽസി ആരാധകർക്കും വളരെ പ്രിയങ്കരനാണ് അദ്ദേഹം.

ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോയിപ്പോൾ. കഴിഞ്ഞ സീസണിൽ ക്ലബിന് കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കി നൽകിയ അദ്ദേഹത്തിനു കീഴിൽ ക്ലബ് ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നത്. നിലവിൽ ലീഗിൽ ടോപ് ഫോർ സ്ഥാനങ്ങളിൽ നിൽക്കുന്ന റോമക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയും. എന്നാൽ തന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാകുമ്പോഴും റോമയിൽ മൗറീന്യോ തൃപ്തനല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ക്ലബിനു വേണ്ട താരങ്ങളെ എത്തിക്കാൻ റോമ പണം ചിലവഴിക്കാൻ തയ്യാറാവുന്നില്ലെന്നതാണ് മൗറീന്യോയുടെ പ്രധാന പ്രശ്‌നം. ഇതേതുടർന്ന് താരം ചെൽസിയിലേക്ക് വരാനുള്ള തന്റെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൗറീന്യോയുടെ കുടുംബമെല്ലാം ലണ്ടനിലാണ് താമസിക്കുന്നത്. ഇതിനു പുറമെ ചെൽസി ഉടമയായ ടോഡ് ബോഹ്‍ലി താരങ്ങൾക്കായി പണം ചിലവഴിക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണെന്നതും മൗറീന്യോക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകാൻ പ്രേരണ നൽകുന്ന കാര്യമാണ്.

ചെൽസിയെ സംബന്ധിച്ച് ഗ്രഹാം പൊട്ടറെ പരിശീലകസ്ഥാനത്തു നിന്നും മാറ്റുന്നതിനെക്കുറിച്ച് അവർ ഇപ്പോൾ ചിന്തിക്കുന്നില്ല. ജനുവരി ജാലകത്തിൽ നിരവധി താരങ്ങളെ ടീമിലെത്തിച്ച ചെൽസി അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകിയിട്ടുണ്ട്. ഇപ്പോൾ മികച്ച ഫോമിലല്ലെങ്കിലും ടീമിനെ കൃത്യമായി നയിക്കാൻ അദ്ദേഹത്തിന് കഴിയുമോയെന്നാണ് ചെൽസി നേതൃത്വം ഇനി നോക്കുക. നിലവിലെ മോശം ഫോം ചെൽസി തുടരുകയാണെങ്കിൽ ഗ്രഹാം പോട്ടർ പുറത്താക്കപ്പെടുമെന്നും മൗറീന്യോക്ക് തിരിച്ചു വരവിനു അവസരമൊരുങ്ങുമെന്നും സംശയമില്ല.