ഇതൊരു തിരിച്ചുവരവിന്റെ കഥയാണ്, അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയ നായകൻറെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ
2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോൽവി വഴങ്ങി അർജന്റീന പുറത്തു പോകുമ്പോൾ ഫിഫയുടെ കമന്ററിയിൽ പറഞ്ഞത് മെസിയുടെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചുവെന്നും ദേശീയ ടീമിനൊപ്പം ഒരു കിരീടമെന്ന സ്വപ്‌നം നേടാൻ താരത്തിന് കഴിയാൻ സാധ്യതയില്ലെന്നുമായിരുന്നു. താരത്തിന്റെ പ്രായം കണക്കാക്കിയാണ് അന്നവർ അത്തരത്തിലൊരു പ്രതികരണം നടത്തിയത്.
ബാഴ്‌സലോണക്കോപ്പം എല്ലാം നേടിയിട്ടും അർജന്റീന ടീമിനൊപ്പം ഒന്നും നേടിയിട്ടില്ലെന്ന പഴി നിരന്തരം കേട്ട ലയണൽ മെസി അതിനു മുൻപ് തുടർച്ചയായ മൂന്നു ഫൈനലുകളിൽ തോൽവി വഴങ്ങി കിരീടസ്വപ്‌നം പൂർത്തിയാക്കാൻ കഴിയാതെ നിന്ന താരമായിരുന്നു. 2014 ലോകകപ്പ്, 2015ലും 2016ലും നടന്ന കോപ്പ അമേരിക്ക എന്നിവയാണ് ലയണൽ മെസി കിരീടത്തിനടുത്തെത്തി തല കുനിക്കേണ്ടി വന്ന ടൂർണമെന്റുകൾ.
Lionel Messi.
Lost 3 international finals in a row.
Won 3 international finals in a row.NEVER GIVE UP!!🐐🇦🇷 pic.twitter.com/NDASiCf7qx
— R (@Lionel30i) July 15, 2024
എന്നാൽ 2020നു ശേഷം മെസിയുടെയും അർജന്റീനയുടെയും അവിശ്വസനീയമായ തിരിച്ചു വരവിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. സ്‌കലോണി പടുത്തുയർത്തിയ ടീം 2021ലെ കോപ്പ അമേരിക്ക സ്വന്തമാക്കി തങ്ങളുടെ തേരോട്ടം തുടങ്ങി. അതിനു ശേഷം സാധ്യമായ മൂന്നു കിരീടങ്ങൾ കൂടി അവർ സ്വന്തമാക്കി.
2022ലെ ഫൈനലിസിമ, 2022ലെ ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയയുടെ കരുത്തുറ്റ സംഘത്തെ കീഴടക്കി കോപ്പ അമേരിക്ക കിരീടവും നേടി. ലയണൽ മെസിയെന്ന നായകൻ നയിച്ച ടീം തുടർച്ചയായ നാലാമത്തെ കിരീടമാണ് സ്വന്തമാക്കുന്നത്. തനിക്ക് നേരെയുള്ള വിമർശകരുടെ വായടപ്പിക്കാൻ ഇതോടെ അദ്ദേഹത്തിന് കഴിഞ്ഞു.
അർജന്റീന ടീമിനൊപ്പം ഒന്നും നേടാൻ കഴിയാത്തതിന്റെ പേരിൽ ഒരുപാട് കാലം വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ലയണൽ മെസി. ടീമിനായി എല്ലാം നൽകിയിട്ടും ഒടുവിൽ നിരാശയിൽ തല കുനിച്ചു നിൽക്കേണ്ടി വന്ന ലയണൽ മെസി പക്ഷെ തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവസാനശ്വാസം വരെ പൊരുതിയ ഒരു നായകൻറെ ഉയർത്തെഴുന്നേൽപ്പാണ് ഫുട്ബോൾ ലോകമിപ്പോൾ കാണുന്നത്.