ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം, പുതിയ സ്ട്രൈക്കറുടെ സൈനിങ് ഉടനെ പ്രതീക്ഷിക്കാം
പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും നടത്തുന്നുണ്ട്. ടീമിലെത്തിയ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്കു ചേരുന്ന താരങ്ങളെ എത്തിക്കാൻ വേണ്ടി ഒരു സ്ട്രൈക്കറുടെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോഴുള്ളത്. ഈ വിദേശസ്ട്രൈക്കറെ കൂടി സ്വന്തമാക്കിയാൽ അതോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ വിദേശതാരങ്ങളുടെ എണ്ണം പൂർത്തിയാകും.
നിലവിൽ പെപ്ര, സോട്ടിരിയോ, നോഹ സദോയി എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിൽ കളിക്കാൻ വേണ്ടിയുള്ളത്. ഇതിൽ പെപ്ര, സോട്ടിരിയോ എന്നിവരിലൊരാൾ പുറത്തു പോകാനുള്ള സാധ്യത കൂടുതലാണ്. ആ സ്ഥാനത്തേക്ക് പുതിയ താരത്തെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ നടത്തുകയുണ്ടായി.
🎖️🚨| @MarcusMergulhao 🗣️ Won't be surprised if there's a domestic arrival but focus right now for Kerala Blasters is on the foreign striker. We should know if it's done in the next 48 hours. 👀 #KBFC
— KBFC XTRA (@kbfcxtra) August 19, 2024
“ഇന്ത്യൻ താരങ്ങളുടെ വരവുണ്ടായാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പൂർണമായും ഒരു വിദേശതാരത്തെ സ്വന്തമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ അത് പൂർത്തിയായോ എന്നു നമുക്കറിയാൻ കഴിയും.” കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിൽ മാർക്കസ് കുറിച്ചു.
വരുന്ന നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശതാരത്തിന്റെ സൈനിങ് പ്രഖ്യാപിക്കുമെന്ന വ്യക്തമായ സൂചനയാണ് മാർക്കസ് നൽകിയത്. എന്നാൽ അതാരായിരിക്കുമെന്നതിന്റെ യാതൊരു വിവരവും അദ്ദേഹം നൽകിയില്ല. എന്തായാലും പുതിയ വിദേശതാരമെത്താൻ വൈകില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
നിലവിൽ മോണ്ടിനെഗ്രോ താരമായ സ്റ്റീവൻ ജോവറ്റിക്, യുറുഗ്വായ് താരമായ ഫാക്കുണ്ടോ ബാഴ്സലോ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത്. ഇതിൽ ജോവറ്റിച്ചിലാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ഈ സീസൺ ഐഎസ്എല്ലിലെ ഏറ്റവും മികച്ച സൈനിങ് ആയിരിക്കുമത്.