പുതിയ താരമെത്തിയതിനു പിന്നാലെ നിരാശപ്പെടുത്തുന്ന വാർത്ത, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കേണ്ടി വരും | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകിയാണ് അഡ്രിയാൻ ലൂണക്ക് പകരക്കാരനായുള്ള ടീമിന്റെ പുതിയ സൈനിങ്ങിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യൂറോപ്യൻ രാജ്യമായ ലിത്വാനിയ ദേശീയ ടീമിന്റെ താരവും നായകനുമായ ഫെഡർ സെർനിച്ചാണ് അഡ്രിയാൻ ലൂണക്ക് പകരം ടീമിലെത്തിയിരിക്കുന്നത്. മുപ്പത്തിരണ്ടുകാരനായ താരം ഫ്രീ ട്രാൻസ്‌ഫറിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ സൈനിങ്ങിന്റെ പ്രഖ്യാപനവും ഉണ്ടായത്. നേരത്തെ പുതിയ താരത്തെ സൂപ്പർ കപ്പിന് ശേഷമേ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കൂവെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ സൂപ്പർ കപ്പ് ആരംഭിച്ചതിനൊപ്പം സൈനിങ്‌ പ്രഖ്യാപിച്ചതിനാൽ താരം ടൂർണമെന്റിനുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു.

എന്നാൽ കലിംഗ സൂപ്പർ കപ്പിൽ ഫെഡോർ കളിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലിത്വാനിയൻ താരം കലിംഗ സൂപ്പർ കപ്പിന് ശേഷമേ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരൂ. ഫെബ്രുവരിയിൽ ടീമിനൊപ്പം ചേരുന്ന താരം അതിനു ശേഷം നടക്കുന്ന ഐഎസ്എൽ രണ്ടാം പകുതിയിലെ മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങുക.

സൂപ്പർ കപ്പിൽ കളിക്കുന്നില്ലെങ്കിലും താരം നേരത്തെ സ്‌ക്വാഡിനൊപ്പം ചേരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. അങ്ങിനെയാണെങ്കിൽ ടീമിലെ താരങ്ങളുമായും കോച്ചിങ് സ്റ്റാഫുകളുമായും മികച്ചൊരു ബന്ധം ഉണ്ടാക്കാൻ ഫെഡോറിനു കഴിയും. അതിനു പുറമെ ടീമിന്റെ ശൈലിയും മറ്റും മനസിലാക്കി തയ്യാറെടുക്കാനും താരത്തിന് അവസരമുണ്ടാകും.

ലൂണയുടെ പകരക്കാരനായി ഒരു മധ്യനിര താരമല്ല എത്തിയതെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ വെക്കാൻ കഴിയുന്ന സൈനിങാണ് ലിത്വാനിയൻ താരത്തിന്റേത്. യൂറോപ്പിലെ മികച്ച ടീമുകൾക്കെതിരെ മത്സരിക്കുകയും ടീമിനെ നയിക്കുകയും ചെയ്‌തതിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ടീമിനെ കിരീടനേട്ടത്തിനു സഹായിക്കാൻ താരത്തിന് കഴിയും.

Fedor Cernych Join Kerala Blasters After Super Cup