ഈ പിന്തുണ വലിയ ആശങ്കയുണ്ടാക്കുന്നു, ഒരു മത്സരം പോലും കളിക്കാതെ മറ്റു വിദേശതാരങ്ങളെ മറികടന്ന് സെർനിച്ച് | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ സെർനിച്ചിനെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. താരത്തിന്റെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ആരാധകർ നൽകുന്ന പിന്തുണ അവിശ്വസനീയമായ രീതിയിലാണെന്ന കാര്യത്തിൽ സംശയമില്ല.

ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പ്രഖ്യാപിക്കുന്നതിന് മുൻപ് ഏഴായിരത്തോളം ഫോളോവേഴ്‌സ് മാത്രം ഉണ്ടായിരുന്ന ഫെഡോറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോൾ ഒന്നര ലക്ഷം കവിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു മത്സരം പോലും കളിക്കാനിറങ്ങും മുമ്പേയാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇതുപോലെയൊരു കുതിപ്പ് ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിനും ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

ഇത്രയും പിന്തുണ താരത്തിന് ലഭിക്കുന്നത് ഒരു തരത്തിൽ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. പൊതുവെ ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന വിദേശതാരങ്ങൾക്ക് കൂടുതൽ ഫോളോവേഴ്‌സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു മത്സരം പോലും കളിക്കാത്ത ഫെഡോർ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന മൂന്നു വിദേശതാരങ്ങളെയും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മറികടന്നിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ കളിക്കുന്ന വിദേശതാരങ്ങളിൽ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് എന്നിവർ മാത്രമാണ് ഫെഡോറിന്റെ മുന്നിൽ നിൽക്കുന്നത്. മിലോസ്, ലെസ്‌കോവിച്ച്, ഡൈസുകെ എന്നിവരെല്ലാം ലിത്വാനിയൻ താരത്തിന് പിന്നിലാണ്. ഫെഡോറിനു ഒന്നര ലക്ഷം ഫോളോവേഴ്‌സ് കവിഞ്ഞപ്പോൾ, മിലോസ്, ലെസ്‌കോ, ഡൈസുകെ എന്നിവർക്ക് 1.2 ലക്ഷം, 1.3 ലക്ഷം, 1.2 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്‌സ്.

ഈ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയിട്ടും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പിന്നിൽ നിൽക്കുമ്പോഴാണ് സൈനിങ്ങ് പ്രഖ്യാപിച്ച ഉടനെ ഫെഡോർ വലിയ കുതിപ്പുണ്ടാക്കിയത്. ഏതെങ്കിലും തരത്തിൽ താരത്തിന് ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ അത് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുമെന്നതിൽ സംശയമില്ല.

Cernych Got More Followers Than Many Kerala Blasters Players