യൂറോപ്പിലെ വമ്പൻ പോരാട്ടത്തിനിറങ്ങാൻ ബ്ലാസ്റ്റേഴ്സ് താരവും, മലയാളികൾ ഇനി ലിത്വാനിയയുടെ മത്സരവും കാണും | Fedor Cernych
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ ആവേശത്തോടെ ടീമിലേക്ക് വരവേറ്റ താരമാണ് ഫെഡോർ ചെർണിച്ച്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിലാണ് ലിത്വാനിയൻ നായകനായ ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ചത്. യൂറോപ്യൻ മത്സരങ്ങളിലടക്കം കളിച്ചു പരിചയമുള്ള താരമായതിനാലാണ് ആരാധകർ ഫെഡോറിനു വലിയ വരവേൽപ്പ് നൽകിയത്.
ഇതിനു മുൻപ് യൂറോപ്പിന് പുറത്ത് കളിച്ചിട്ടില്ലാത്ത താരമാണ് ചെർണിച്ച് എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരത്തിന്റെ പ്രകടനം ഇതുവരെ മോശമല്ല. ജനുവരിയിൽ എത്തിയ താരം ആറു മത്സരങ്ങളിൽ ഇറങ്ങി ഒരു ഗോളും ഒരു അസിസ്റ്റും ടീമിനായി സ്വന്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെട്ടാൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നുറപ്പാണ്.
📸 Fedor Černych with Lithuanian National Team 🇱🇹 #KBFC pic.twitter.com/LwdAF4KhpM
— KBFC XTRA (@kbfcxtra) March 19, 2024
ചെർണിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയ പ്രകടനം താരത്തെ ലിത്വാനിയ ദേശീയ ടീമിൽ എത്തിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിൽ നടക്കാനിരിക്കുന്ന യുവേഫ നാഷൻസ് ലീഗിന്റെ ലീഗ് സിയിലെ റെലെഗേഷൻ പ്ലേഔട്ടിലെ മത്സരത്തിനുള്ള ടീമിലാണ് താരം ഇടം പിടിച്ചിരിക്കുന്നത്. മാർച്ച് 22, 26 തീയതികളിൽ ജിബ്രാൾട്ടറിനെതിരെയാണ് ലിത്വാനിയ ഇറങ്ങുന്നത്.
രണ്ടു ടീമുകളെയും സംബന്ധിച്ച് ഈ പോരാട്ടം വളരെ നിർണായകമാണ്. ഇതിൽ വിജയിച്ചാൽ മാത്രമേ യുവേഫ നാഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഡിയിലേക്ക് ടീം തരം താഴ്ത്തപ്പെടാതിരിക്കൂ. ഗ്രൂപ്പ് സിയിൽ മോശം പ്രകടനം നടത്തിയതിനെ തുടർന്നാണ് രണ്ടു ടീമുകളും റെലെഗേഷൻ പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. ടീം വിജയം നേടിയാൽ അത് ഫെഡോറിന്റെ ആത്മവിശ്വാസവും വർധിപ്പിക്കും.
ഫെഡോറിനു വലിയ രീതിയിലുള്ള പിന്തുണ നൽകിയ മലയാളികൾ ലിത്വാനിയക്കൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. ഇന്റർനാഷണൽ ഫുട്ബോളിൽ ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങി നിരവധി ടീമുകളുടെ ആരാധകർ കേരളത്തിലുണ്ട്. ഇത്തവണ അതിലൊരു വിഭാഗം ലിത്വാനിയയുടെ മത്സരം കണ്ടു പിന്തുണ നൽകുമെന്നതിൽ സംശയമില്ല.
Fedor Cernych To Play For Lithuania