കൃത്യമായ പദ്ധതികൾ ഇവാനാശാന്റെ കയ്യിലുണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്കകൾ പരിഹരിക്കപ്പെടും | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിന്റെ രണ്ടാം പകുതിയെത്തിയപ്പോൾ പരിക്കുകളുടെ തിരിച്ചടി കാരണം മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. എങ്കിലും പ്ലേ ഓഫിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്‌സിന് എളുപ്പത്തിൽ കഴിയും.

ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രകടനം നിരാശ നൽകുന്നതാണെങ്കിലും അതിൽ ആരാധകർ ഒരുപാട് ആശങ്കപ്പെടേണ്ട കാര്യമില്ല. ഷീൽഡ് പ്രതീക്ഷകൾ അവസാനിച്ചതിനാൽ തന്നെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്ലേ ഓഫ് മത്സരങ്ങളിലാണ്. അതിനു ടീമിനെ ഒരുക്കുകയെന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന ലക്‌ഷ്യം.

പുതിയ താരങ്ങൾ എത്തി സന്തുലിതാവസ്ഥ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സിന്റെ ഫോർമേഷനിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തുകയും താരങ്ങളെ മാറ്റി പരീക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ മികച്ചൊരു ഫോർമേഷൻ കണ്ടെത്താനുള്ള ശ്രമമാണ് ഇവാനാശാൻ നടത്തുന്നത്. എഫ്‌സി ഗോവ, മോഹൻ ബഗാൻ എന്നീ വമ്പൻ ടീമുകളോട് ബ്ലാസ്റ്റേഴ്‌സ് മികച്ച പോരാട്ടവീര്യം കാണിക്കുകയും ചെയ്‌തിരുന്നു.

ഇന്റർനാഷണൽ ബ്രേക്കിൽ ഇടവേളയെടുക്കാതെ ഇവാൻ ടീമിനൊപ്പം തുടർന്നതും ടീമിന്റെ പദ്ധതികൾ മിനുക്കിയെടുക്കാൻ തന്നെയാണ്. അതിനു പുറമെ അഡ്രിയാൻ ലൂണ, ലെസ്‌കോവിച്ച് എന്നിവർ പരിക്കിൽ നിന്നും മുക്തരാവാൻ വേണ്ടി നടത്തുന്ന പരിശീലനത്തിലും അദ്ദേഹം നേതൃത്വം നൽകി. ഈ താരങ്ങളെ പ്ലേ ഓഫിന് മുൻപ് ടീമിന്റെ ഭാഗമാക്കുകയെന്നതാണ് മറ്റൊരു ലക്‌ഷ്യം.

നിലവിൽ മോശം ഫോമിലാണെങ്കിലും ഇവാനാശാനെയും ബ്ലാസ്റ്റേഴ്‌സിനേയും ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല. പ്ലേ ഓഫ് മത്സരങ്ങളെ മുന്നിൽ കണ്ട് ഇവാനാശാൻ കൃത്യമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നത് വ്യക്തമാണ്. അതിൽ വിജയം കാണുകയാണെങ്കിൽ ആദ്യത്തെ സീസണിലേതു പോലെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറുന്നത് ഇത്തവണയും കാണാൻ കഴിയും.

Ivan Vukomanovic Preparing Team For Play Offs