ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്, ഇപ്പോൾ സ്വപ്‌നത്തിനരികെയെന്ന് വിബിൻ മോഹനൻ | Vibin Mohanan

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മലയാളിയായ വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെ ഉയർന്നു വന്നു കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരം ഈ സീസണിൽ ടീമിലെ പ്രധാന താരമാണ്. വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് പ്രായമെങ്കിലും അതിനേക്കാൾ വലിയ പക്വതയാണ് വിബിൻ മോഹനൻ കളിക്കളത്തിൽ കാണിക്കുന്നത്.

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് വിബിൻ മോഹനൻ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ അണ്ടർ 23 ടീമിന്റെ മത്സരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ദേശീയടീമിലേക്ക് എത്താനുള്ള ആദ്യത്തെ ചുവടു വെച്ചതിന്റെ ആവേശത്തിലാണ്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതാണെന്നും വിബിൻ പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 15 ടീമിന്റെ ഭാഗമായിരുന്നു ഞാൻ. മലപ്പുറത്തെ എംഎസ്‌പി ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് എനിക്ക് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാനുള്ള അവസരം ലഭിക്കുന്നത്. അതെന്റെ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു.” കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതിനെക്കുറിച്ച് വിബിൻ പറഞ്ഞു.

“ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരുപാട് കാലമായി കൊണ്ടുനടക്കുന്ന ആ സ്വപ്‌നത്തിന്റെ തൊട്ടരികിൽ എത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.” അണ്ടർ 23 ടീമിലേക്ക് പ്രവേശനം ലഭിച്ച് മത്സരത്തിന് തയ്യാറെടുക്കുന്ന താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിബിൻ മോഹനന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐഎം വിജയൻറെ പിന്തുണ ലഭിച്ചിരുന്നു. ദേശീയ ടീമിലേക്കുള്ള വിബിന്റെ പ്രവേശനം വൈകിപ്പിക്കരുതെന്നാണ് താരം പറഞ്ഞത്. അവസരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് താരം കൂടുതൽ മെച്ചപ്പെടുമെന്നും ഭാവിയിൽ ഇന്ത്യക്കൊരു മുതൽക്കൂട്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Vibin Mohanan On Joining Kerala Blasters