കോപ്പ അമേരിക്ക കിരീടമുയർത്താൻ നെയ്‌മർക്ക് ഭാഗ്യമില്ല, ബ്രസീലിയൻ താരം ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല | Neymar

പ്രതിഭ നോക്കുകയാണെങ്കിൽ ലയണൽ മെസിക്കൊപ്പം ചേർത്ത് വെക്കാൻ കഴിയുന്ന താരമാണ് നെയ്‌മർ ജൂനിയർ. എന്നാൽ കരിയറിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയതും പ്രൊഫെഷനലിസം ഇല്ലായ്‌മയും നിരന്തരമായ പരിക്കുകളും താരത്തിനു ഒരുപാട് തിരിച്ചടി നൽകിയിട്ടുണ്ട്. എങ്കിലും കളിക്കളത്തിലേക്ക് മടങ്ങി വന്നാൽ ഏറ്റവും മികച്ച പ്രകടനമാണ് ബ്രസീലിയൻ താരം നടത്താറുള്ളത്.

പ്രതിഭക്കനുസരിച്ചുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് കിരീടങ്ങൾ നെയ്‌മർ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും പിഎസ്‌ജിക്കൊപ്പം ലീഗ് വൺ കിരീടങ്ങളും നേടിയിട്ടുണ്ടെങ്കിലും ബ്രസീൽ ടീമിനൊപ്പം നെയ്‌മറുടെ നേട്ടങ്ങൾ പരിമിതമാണ്. 2013ലെ കോൺഫെഡറേഷൻസ് കപ്പാണ് താരം ബ്രസീലിനൊപ്പം സ്വന്തമാക്കിയ പ്രധാന കിരീടം.

നെയ്‌മർക്ക് ബ്രസീൽ ടീമിനൊപ്പം ഒരു പ്രധാന കിരീടം സ്വന്തമാക്കാനുള്ള അവസരമായിരുന്നു ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ്. എന്നാൽ താരത്തിന്റെ ആ ആഗ്രഹവും നടക്കില്ലെന്നാണ് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം കോപ്പ അമേരിക്കക്ക് മുൻപ് നെയ്‌മർ പരിക്കിൽ നിന്നും മുക്തനാവാനുള്ള സാധ്യത വളരെ കുറവാണ്.

കഴിഞ്ഞ സമ്മറിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അതിനു പിന്നാലെ പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ താരം അഞ്ചു മാസത്തോളമായി കളത്തിനു പുറത്താണ്. പരിക്കിൽ നിന്നും മോചിതനായി വരുന്നുണ്ടെങ്കിലും നെയ്‌മർ തിരിച്ചുവരാൻ ജൂലൈ, അല്ലെങ്കിൽ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനു മുൻപ് 2019ലെ കോപ്പ അമേരിക്കയും നെയ്‌മർക്ക് പരിക്ക് കാരണം നഷ്‌ടമായിരുന്നു. അതിൽ ബ്രസീൽ കിരീടമുയർത്തുകയും ചെയ്‌തു. ഇത്തവണത്തെ കോപ്പ അമേരിക്ക നഷ്‌ടമായാൽ നെയ്‌മർക്കതു വലിയൊരു തിരിച്ചടിയാണ്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ഇനിയൊരു ടൂർണമെന്റിൽ ഇറങ്ങാനുള്ള സാധ്യത കുറവാണെന്നത് തന്നെയാണ് അതിനു കാരണം.

Neymar Likely To Miss Copa America 2024