ഒളിമ്പിക്‌സ് ഞാൻ സ്വന്തമാക്കിയതാണ്, നേടാൻ ആഗ്രഹമുള്ള സഹതാരങ്ങൾക്കു വേണ്ടി വഴി മാറുന്നുവെന്ന് ഡി മരിയ | Angel Di Maria

നീണ്ട പതിനാറു വർഷമായി അർജന്റീന ടീമിലെ സ്ഥിരസാന്നിധ്യമാണ് ഏഞ്ചൽ ഡി മരിയ. 2007, 2008 വർഷങ്ങളിൽ അണ്ടർ 20 ലോകകപ്പും ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കിയ താരം അതിനു ശേഷം പല തവണ കിരീടത്തിനരികിൽ കാലിടറി വീണ അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ കരിയറിന്റെ അവസാനഘട്ടത്തിൽ നഷ്‌ടമായതെല്ലാം വെട്ടിപ്പിടിക്കാൻ താരത്തിന് കഴിഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ അർജന്റീന സ്വന്തമാക്കിയ മൂന്നു കിരീടങ്ങളിലും ഏഞ്ചൽ ഡി മരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ താരം നടത്തിയ പ്രകടനം ഒരു അർജന്റീന ആരാധകനും മറക്കാൻ കഴിയില്ല. അർജന്റീനക്കൊപ്പം മറ്റൊരു കിരീടത്തിനു കൂടി വേണ്ടി പോരാടാൻ കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി ഒരുങ്ങുകയാണ് ഡി മരിയ.

കോപ്പ അമേരിക്ക ടൂർണമെന്റിനു പിന്നാലെ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ഏഞ്ചൽ ഡി മരിയക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ കാരണം ഏഞ്ചൽ ഡി മരിയ വ്യക്തമാക്കുകയുണ്ടായി. ഒളിമ്പിക്‌സ് സ്വർണം താനൊരിക്കൽ നേടിയിട്ടുള്ളതിനാൽ അത് സ്വന്തമാക്കാൻ ആഗ്രഹമുള്ള മറ്റു താരങ്ങൾക്ക് വേണ്ടി വഴിമാറുകയാണെന്നാണ് ഡി മരിയ പറഞ്ഞത്.

“മഷറാനോ എന്നെ വിളിച്ചപ്പോൾ അഭിമുഖങ്ങളിൽ പറഞ്ഞ അതെ കാര്യമാണ് ഞാൻ ആവർത്തിച്ചത്. കോപ്പ അമേരിക്കക്ക് ശേഷം ഞാൻ ദേശീയടീമിനോട് വിടപറയുകയാണെന്ന്. യോഗ്യത നേടിയവർക്കുള്ളതാണ് ഒളിമ്പിക്‌സ്. ഡി പോൾ, ഒട്ടമെന്റി തുടങ്ങി അതിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവരുമുണ്ട്. ഞാനൊരിക്കൽ ആ നേട്ടം ആസ്വദിച്ചതാണ്, അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് ഈ അവസരം നൽകുന്നു.” ഡി മരിയ പറഞ്ഞു.

കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുമെന്ന് നേരത്തെ പറഞ്ഞ ഡി മരിയ ഒളിമ്പിക്‌സിൽ നിന്നും പിൻമാറിയത് തന്റെ സഹതാരങ്ങൾക്കു കൂടി വേണ്ടിയാണെന്നത് വ്യക്തമാണ്. ഒരിക്കൽ ഒളിമ്പിക്‌സ് നേടിയ ഡി മരിയ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി വഴിമാറി നൽകിയത് വലിയൊരു മാതൃക തന്നെയാണ്. അതേസമയം മെസി ടൂർണമെന്റിൽ പങ്കെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

Angel Di Maria Comments About Olympics 2024