പുതിയ വഴിത്തിരിവുകൾ പലതും സംഭവിക്കുന്നു, ദിമിത്രിയോസ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാൻ സാധ്യത | Dimitrios

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു കൂട്ടുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസിന്റെ ഭാവിയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ വമ്പൻ ക്ലബുകൾ ശ്രമിക്കുന്നുണ്ടെന്നും താരം ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുണ്ടെന്നുമാണ് അഭ്യൂഹങ്ങളുള്ളത്.

ഈ സീസണിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായ സാഹചര്യത്തിൽ ടീമിന്റെ പ്രധാനിയായി പ്രവർത്തിച്ചത് ദിമിത്രിയോസാണ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം ഓരോ മത്സരത്തിലും നടത്തുന്നത്. അതുകൊണ്ടു തന്നെ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനോട് ആരാധകർക്ക് യാതൊരു താൽപര്യവുമില്ല.

ദിമിത്രിയോസിനായി ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എന്നീ ടീമുകൾ രംഗത്തുള്ളതായാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഈസ്റ്റ് ബംഗാളിനെയും ഗ്രീക്ക് താരത്തെയും ചേർത്തുള്ള അഭ്യൂഹങ്ങളിൽ യാതൊരു വാസ്‌തവവും ഇല്ലെന്നാണ് പ്രമുഖ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നത്. ഇതോടെ താരം കൊൽക്കത്തയിലേക്ക് പോകില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

ദിമിത്രിയോസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന മറ്റൊരു ക്ലബായ മുംബൈ സിറ്റി എഫ്‌സി പുതിയൊരു താരത്തെ സ്വന്തമാക്കിയിട്ടുണ്ട്. സ്ലോവാക്യൻ മുന്നേറ്റനിര താരമായ യാക്കൂബ് വോയ്‌റ്റസിനെയാണ് മുംബൈ അടുത്ത സീസണിലേക്കായി ടീമിലെത്തിച്ചത്. ദിമിത്രിയോസിന്റെ അതെ പൊസിഷനിൽ കളിക്കുന്ന താരമായതിനാൽ തന്നെ മുംബൈ ഗ്രീക്ക് താരത്തിനായി ശ്രമം നടത്താനുള്ള സാധ്യത കുറവാണ്.

പുതിയ സംഭവവികാസങ്ങളിൽ നിന്നും മനസിലാക്കേണ്ടത് ദിമിത്രിയോസ് മറ്റു ക്ലബുകളിലേക്ക് ചേക്കേറാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ദിമിത്രിയോസിനു പുതിയ മികച്ച കരാർ ഓഫർ ചെയ്‌തുവെന്ന റിപ്പോർട്ടുകളും ശക്തമാണ്. യൂറോപ്പിലേക്ക് മടങ്ങിപ്പോയില്ലെങ്കിൽ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന കാര്യത്തിൽ സംശയമില്ല.

Dimitrios Likely To Stay With Kerala Blasters